മാസങ്ങൾ നീണ്ട അനിശ്ചിതത്വത്തിന് ശേഷം, ഇസ്രായേലും ഹമാസും ഗാസ വെടിനിർത്തലിലേക്കും ബന്ദികളെ മോചിപ്പിക്കുന്നതിനുള്ള കരാറിലേക്കും നീങ്ങുന്നു എന്നതിന്റെ സൂചനകളെ കുറിച്ച് വെളിപ്പെടുത്തി മുതിർന്ന പാലസ്തീൻ ഉദ്യോഗസ്ഥൻ. ചർച്ചകൾ നിർണ്ണായകവും അന്തിമവുമായ ഘട്ടത്തിലാണെന്ന് പരോക്ഷ ചർച്ചകളിൽ ഏർപ്പെട്ടിരിക്കുന്ന ഒരു മുതിർന്ന പാലസ്തീൻ ഉദ്യോഗസ്ഥൻ ബിബിസിയോട് വെളിപ്പെടുത്തി.
ഇസ്രയേലിന്റെ പ്രതിരോധ മന്ത്രി ഇസ്രായേൽ കാറ്റ്സും വെടിനിർത്തൽ കരാർ എന്നത്തേക്കാളും അടുത്തതായി പറഞ്ഞിട്ടുണ്ട്. അടുത്ത ആഴ്ചകളിൽ, യുഎസ്, ഖത്തർ, ഈജിപ്ത് എന്നിവ അവരുടെ മധ്യസ്ഥ ശ്രമങ്ങൾ പുനരാരംഭിച്ചു. ഈ 14 മാസത്തെ യുദ്ധം അവസാനിപ്പിക്കാൻ ഇരുപക്ഷവും കൂടുതൽ സന്നദ്ധത പ്രകടിപ്പിച്ചു.
മേഖലയിലെ നയതന്ത്ര ഇടപെടലുകൾക്കിടയിലാണ് “വർക്കിംഗ് ലെവൽ” എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഒരു ഇസ്രായേലി പ്രതിനിധി സംഘം നിലവിൽ ഖത്തർ തലസ്ഥാനമായ ദോഹയിൽ ഉള്ളത്.
ഗാസയിൽ ബന്ദികളാക്കപ്പെട്ട പൗരന്മാരെയും വനിതാ സൈനികരെയും ആദ്യ 45 ദിവസത്തിനുള്ളിൽ മോചിപ്പിക്കുന്നതിനുള്ള മൂന്ന് ഘട്ട പദ്ധതി പാലസ്തീൻ ഉദ്യോഗസ്ഥൻ വിശദീകരിച്ചു. കരാറിന്റെ ഭാഗമായി ഇസ്രായേൽ സൈന്യം നഗര കേന്ദ്രങ്ങൾ, തീരദേശ റോഡ്, ഈജിപ്ത് അതിർത്തിയിലെ തന്ത്രപ്രധാനമായ ഭൂമി എന്നിവയിൽ നിന്ന് പിന്മാറും. പലായനം ചെയ്ത ഗാസക്കാർക്ക് പ്രദേശത്തിന്റെ വടക്ക് ഭാഗത്തേക്ക് മടങ്ങാൻ കഴിയുന്ന ഒരു സംവിധാനം ഉണ്ടാകണമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
രണ്ടാം ഘട്ടത്തിൽ യുദ്ധം അവസാനിക്കുന്നതിനുമുമ്പ് ശേഷിക്കുന്ന ബന്ദികളെ മോചിപ്പിക്കുകയും സൈന്യത്തെ പിൻവലിക്കുകയും ചെയ്യും. ഗാസയിൽ ഇപ്പോഴും ബന്ദികളാക്കപ്പെട്ട 96 പേരിൽ 62 പേർ ഇപ്പോഴും ജീവിച്ചിരിപ്പുണ്ടെന്ന് ഇസ്രായേൽ കരുതുന്നു. മെയ് 31 ന് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ രൂപപ്പെടുത്തിയ കരാറിനെ അടിസ്ഥാനമാക്കിയുള്ളതാണ് പദ്ധതി, അതിനാൽ തന്നെ എല്ലാ വശത്തുനിന്നും പ്രവർത്തിക്കേണ്ടതുണ്ടെന്ന് ഉദ്യോഗസ്ഥർ ഊന്നിപ്പറയുന്നു.
ഒക്ടോബർ പകുതിയോടെ നടന്ന ഒരു റൗഡ് ചർച്ചകൾ ഒരു കരാർ ഉണ്ടാക്കുന്നതിൽ പരാജയപ്പെട്ടിരുന്നു. ഹമാസ് ഹ്രസ്വകാല വെടിനിർത്തൽ നിരസിച്ചിരുന്നു.