ഗാസയില്‍ വെടിനിര്‍ത്താനുള്ള കരാര്‍ ഹമാസ് അംഗീകരിച്ചെങ്കിലും ആക്രമണം തുടരാന്‍ ഇസ്രായേല്‍. വ്യവസ്ഥകള്‍ തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിക്കുന്നതല്ലെന്ന നിലപാടിലാണ് ബെഞ്ചമിന്‍ നെതന്യാഹു സര്‍ക്കാര്‍. കരാറില്‍ ചര്‍ച്ച തുടരാനുള്ള ശ്രമങ്ങള്‍ നടക്കാനിരിക്കെയാണ് റാഫയില്‍ സൈനിക നീക്കവുമായി ഇസ്രായേല്‍ മുന്നോട്ട് പോകുന്നത്.
കഴിഞ്ഞ ആറുമാസത്തിലേറെയായി സംഘര്‍ഷഭൂമിയായ ഗാസയിലെ പല മേഖലകളില്‍നിന്ന് എത്തിയവര്‍ അഭയാര്‍ഥികളായി കഴിയുന്ന മേഖലയാണ് റാഫ. 14 ലക്ഷത്തോളം അഭയാര്‍ഥികളാണ് റാഫയിലുള്ളത്. ഖത്തറി-ഈജിപ്ഷ്യന്‍ മധ്യസ്ഥര്‍ മുന്നോട്ടുവെച്ച വെടിനിര്‍ത്തല്‍ കരാര്‍ അംഗീകരിക്കുന്നതായി പ്രസ്താവനയിലൂടെയാണ് ഹമാസ് തലവന്‍ ഇസ്മയില്‍ ഹാനിയെ സ്ഥിരീകരിച്ചത്.
ഇസ്രായേലിന്റെ നിലപാട് പ്രതികൂലമായതോടെ ഇരുവിഭാഗങ്ങളുമായിട്ടുള്ള നേരിട്ടുള്ള ചര്‍ച്ചയ്ക്ക് പ്രതിനിധി സംഘം കെയ്‌റോയിലേക്ക് തിരിക്കുമെന്ന് ഖത്തറിന്റെ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. റാഫയിലെ സൈനിക ഓപ്പറേഷന്‍ തുടരുന്നതിന് വാര്‍ ക്യാബിനറ്റ് അംഗീകാരം നല്‍കിയതായി നെതന്യാഹുവിന്റെ ഓഫീസ് അറിയിച്ചു. റാഫ ആക്രമിക്കുന്നതിലൂടെ വെടിനിര്‍ത്തല്‍ കരാറിലെത്താനുള്ള സാധ്യതകള്‍ ഇസ്രായേല്‍ കൂടുതല്‍ അപകടത്തിലാക്കുകയാണെന്ന് ജോര്‍ദാന്റെ വിദേശകാര്യ മന്ത്രി അയ്മാന്‍ സഫാദി സമൂഹ മാധ്യമമായ എക്‌സില്‍ കുറിച്ചു.
ഹമാസ് അംഗീകരിച്ച കരാര്‍ ഒരു ഈജീപ്ഷ്യന്‍ പതിപ്പാണെന്നും തങ്ങള്‍ക്ക് അനുകൂലമല്ലാത്ത നിരവധി ഘടകങ്ങള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും ഇസ്രായേല്‍ ഉദ്യോഗസ്ഥന്‍ പറഞ്ഞു. വരും മണിക്കൂറുകളില്‍ ഹമാസിന്റെ നിലപാട് സഖ്യകക്ഷികളുമായി ചര്‍ച്ച ചെയ്യുമെന്നും ഒരു സമവായത്തിലെത്താന്‍ സാധിക്കുമെന്നും യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് വക്താവ് മാത്യു മില്ലര്‍ പറഞ്ഞു.