ഗാസയിലെ അൽഅഹ്ലി അറബ് ആശുപത്രിക്ക് നേരെ നടന്ന ആക്രമണത്തിൽ പരസ്പരം പഴിചാരി ഇസ്രായേലും ഹമാസും. അൽഅഹ്ലി അറബ് ആശുപത്രിയിൽ ഇസ്രായേൽ നടത്തി എന്ന് പലസ്തീൻ ആരോപിക്കുന്ന ആക്രമണത്തിൽ 500-ലേറെ പേർ കൊല്ലപ്പെടുകയും ആയിരത്തിലധികം ആളുകൾക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. എന്നാൽ ആക്രമണത്തിന് പിന്നിൽ തങ്ങളല്ലെന്ന് ഇസ്രയേൽ പ്രധാനമന്ത്രി നെതന്യാഹുവും ഇസ്രയേൽ സൈന്യവും അറിയിച്ചു.
കൊല്ലപ്പെട്ടവരിൽ ഏറെയും സ്ത്രീകളും കുട്ടികളുമാണെന്ന് ഗാസ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ആക്രമണത്തിൽ പരിക്കേറ്റവരുടെ എണ്ണം ആശുപത്രികൾക്ക് താങ്ങാനാകുന്നതിലും അധികമാണെന്നും പ്രസ്താവനയിൽ പറയുന്നു. ആശുപത്രികളുടെ വരാന്തകളിലും മറ്റുമായാണ് ഡോക്ടർമാർ ശസ്ത്രക്രിയകൾ നടത്തുന്നത്. നിരവധി പേർക്ക് ശസ്ത്രക്രിയ ആവശ്യമായതിനാൽ മെഡിക്കൽ ഉപകരണങ്ങളുടെ കുറവ് വൈകാതെ നേരിടുമെന്നും പലസ്തീൻ ആരോഗ്യമന്ത്രാലയത്തിന്റെ വക്താവ് അറിയിച്ചു.
ഗാസയിലെ അഭയാർഥികൾ താമസിക്കുന്ന യുഎൻ സ്കൂളും ആക്രമിക്കപ്പെട്ടിട്ടുണ്ട്. ഇസ്രായേൽ ആക്രമണം നടത്തി എന്ന വിവരം അറിഞ്ഞത് മുതൽ ലോകരാഷ്ട്രങ്ങൾ വ്യാപകമായി പ്രതിഷേധം അറിയിച്ചിരുന്നു. എന്നാൽ ആശുപത്രിക്ക് നേരെ തങ്ങൾ ആക്രമണം നടത്തിയിട്ടില്ലെന്ന ഉറച്ച നിലപാടിലാണ് ഇസ്രായേൽ. ഹമാസ് ഭീകരരാണ് ആക്രമണത്തിന് പിന്നിലെന്നും ലോകം ഇതറിയണമെണമെന്നും ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറഞ്ഞു.
ഞങ്ങളുടെ കൈയിലുള്ള ഒന്നിലധികം ഉറവിടങ്ങളിൽ നിന്നുള്ള ഇന്റലിജൻസ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് ഇസ്ലാമിക് ജിഹാദാണ് ഗാസയിലെ ആശുപത്രിയിൽ ഉണ്ടായ റോക്കറ്റ് ആക്രമണത്തിന് ഉത്തരവാദി എന്നാണ് ഐഡിഎഫ് വക്താവ് വെളിപ്പെടുത്തുന്നത്. സ്ഫോടനം നടക്കുമ്പോൾ പ്രദേശത്ത് ഇസ്രയേലി വ്യോമ, കര, നാവിക സേനകളൊന്നും ഉണ്ടായിരുന്നില്ലെന്ന് സൈന്യത്തിന്റെ മുഖ്യ വക്താവ് റിയർ അഡീ. ഡാനിയൽ ഹഗാരി മാധ്യമപ്രവർത്തകരോട് പറഞ്ഞു. ഒരേ സമയം റോക്കറ്റ് ആക്രമണം റഡാർ കണ്ടെത്തിയിരുന്നു. തീവ്രവാദ ഗ്രൂപ്പുകൾ തമ്മിലുള്ള ആശയവിനിമയം ഇസ്ലാമിക് ജിഹാദാണ് റോക്കറ്റുകൾ തൊടുത്തതെന്ന് തെളിയിക്കുന്നു എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
എന്നാൽ, ഇസ്ലാമിക് ജിഹാദ് ഈ ആരോപണങ്ങൾ നിരസിച്ചു. ആക്രമണത്തിന്റെ ഉത്തരവാദിത്തത്തിൽ നിന്ന് രക്ഷപ്പെടാൻ ഇസ്രായേൽ കഠിനമായി ശ്രമിക്കുന്നു എന്നാണ് ഹമാസ് തീവ്രവാദികൾ ആരോപിക്കുന്നത്. അൽ-അൽഹി ഹോസ്പിറ്റലിലെ മരണത്തിന് മുമ്പ്, ഗാസയിൽ ഇസ്രായേൽ നടത്തിയ ആക്രമണങ്ങളിൽ കുറഞ്ഞത് 2,778 പേർ കൊല്ലപ്പെടുകയും 9,700 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.