ഇസ്രായേല്‍ ആക്രമണത്തില്‍ ഏഴ് സന്നദ്ധപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് വേള്‍ഡ് സെന്‍ട്രല്‍ കിച്ചന്‍ ഗാസയിലെ ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചു. തിങ്കളാഴ്ച സെന്‍ട്രല്‍ ഗാസയില്‍ ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തിലാണ് ഏഴുപേര്‍ കൊല്ലപ്പെട്ടത്.
ഓസ്ട്രേലിയ, പോളണ്ട്, യു.കെ., യുണൈറ്റഡ് സ്റ്റേറ്റ്സ്, കാനഡ, പാലസ്തീന്‍ എന്നീ രാജ്യങ്ങളിലെ പൗരന്മാരായിരുന്നു കൊല്ലപ്പെട്ട സന്നദ്ധപ്രവര്‍ത്തകര്‍. സെന്‍ട്രല്‍ ഗാസയിലെ ഒരു പട്ടണത്തില്‍ 100 ടണ്‍ ഭക്ഷ്യസഹായം എത്തിച്ചശേഷം സംഘര്‍ഷരഹിത മേഖലയിലൂടെ യാത്ര ചെയ്യുന്നതിനിടെയാണ് ആക്രമണം ഉണ്ടാകുന്നത്. ഇസ്രായേല്‍ ഡിഫന്‍സ് ഫോഴ്സ് ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തു. എന്നാല്‍ നിരപരാധികളായ മാനുഷികസഹായ പ്രവര്‍ത്തകരെ ലക്ഷ്യംവച്ചായിരുന്നില്ല തങ്ങളുടെ ആക്രമണമെന്ന് ഐ.ഡി.എഫ്. വെളിപ്പെടുത്തി.
മാനുഷികസഹായമായി അടയാളപ്പെടുത്തിയ വാഹനങ്ങളിലാണ് അവര്‍ യാത്ര ചെയ്തതെന്നും ഐ.ഡി.എഫു.മായി അവരുടെ നീക്കങ്ങള്‍ ഏകോപിപ്പിച്ചിട്ടും ഇവര്‍ക്കുനേരെ ആക്രമണങ്ങള്‍ ഉണ്ടായത് ഖേദകരമാണെന്നും ഡബ്ല്യു.സി.കെ. ചൂണ്ടിക്കാട്ടി. ഇത് വേള്‍ഡ് സെന്‍ട്രല്‍ കിച്ചണിനെതിരായ ആക്രമണം മാത്രമല്ല, ഏറ്റവും മോശമായ സാഹചര്യങ്ങളില്‍ ഭക്ഷണമെത്തിക്കാന്‍ സന്നദ്ധത കാണിക്കുന്ന മാനുഷികസംഘടനകള്‍ക്കെതിരായ ആക്രമണമാണിതെന്ന് വേള്‍ഡ് സെന്‍ട്രല്‍ കിച്ചന്റെ സി.ഇ.ഒ. എറിന്‍ ഗോര്‍ പ്രതികരിച്ചു.