യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള ഏതൊരു ഒത്തുതീർപ്പിനു ശേഷവും ഗാസയിൽ ഇസ്രായേൽ സൈന്യം സൃഷ്ടിച്ച ബഫർ സോണുകളിൽ തന്നെ തുടരുമെന്ന് പ്രതിരോധ മന്ത്രി ഇസ്രായേൽ കാറ്റ്‌സ്. എന്നാൽ വെടിനിർത്തൽ കരാർ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങൾ പരാജയപ്പെട്ടതായാണ് റിപ്പോർട്ടുകൾ പറയുന്നത്.
ഇസ്രായേൽ സമൂഹങ്ങളെ സംരക്ഷിക്കുന്നതിന് ഈ മേഖലകൾ ബഫർ സോണുകളായി നിലനിർത്താനാണ് തീരുമാനം. ലെബനനിലെയും സിറിയയിലെയും പോലെ, ഗാസയിലെ താൽക്കാലികമോ, സ്ഥിരമോ ആയ ഏതു സാഹചര്യത്തിലും ശത്രുക്കൾക്കും സമൂഹങ്ങൾക്കും ഇടയിലുള്ള ഒരു ബഫറായി ഐ ഡി എഫ് സുരക്ഷാമേഖലകളിൽ തുടരും.
കഴിഞ്ഞ ഒരു മാസത്തെ അവരുടെ പ്രവർത്തനങ്ങളുടെ സംഗ്രഹത്തിൽ, ചെറിയ പലസ്തീൻ പ്രദേശത്തിന്റെ 30 ശതമാനവും ഇപ്പോൾ തങ്ങളുടെ നിയന്ത്രണത്തിലാണെന്ന് ഇസ്രായേൽ സൈന്യം പറഞ്ഞു. തെക്കൻ ഗാസയിൽ മാത്രം, ഇസ്രായേൽ സൈന്യം അതിർത്തി നഗരമായ റാഫ പിടിച്ചെടുത്തു. മധ്യ നെറ്റ്സാരിം പ്രദേശത്തുടനീളം വിശാലമായ ഒരു ഇടനാഴി ഇതിനകം തന്നെ ഇസ്രയേൽ സ്വന്തമാക്കി. കൂടാതെ, വടക്ക് ഗാസ നഗരത്തിനു കിഴക്കുള്ള ഷെജായ പ്രദേശം ഉൾപ്പെടെ, അതിർത്തിയിൽ നൂറുകണക്കിനു മീറ്റർ ഉൾനാടൻ പ്രദേശത്തുടനീളം ഒരു ബഫർ സോൺ ഇസ്രയേൽ വികസിപ്പിച്ചിട്ടുണ്ട്.