Tuesday, November 26, 2024

ഗാസ: യുഎസിന്റെ വെടിനിര്‍ത്തല്‍ പ്രമേയം റഷ്യയും ചൈനയും പരാജയപ്പെടുത്തി

ഗാസയില്‍ ഉടന്‍ വെടിനിര്‍ത്തലാവശ്യപ്പെട്ട് യുഎന്‍ രക്ഷാസമിതിയില്‍ യുഎസ് അവതരിപ്പിച്ച പ്രമേയം പരാജയപ്പെട്ടു. സ്ഥിരാംഗങ്ങളായ റഷ്യയും ചൈനയും വോട്ടെടുപ്പില്‍ വീറ്റോ പ്രയോഗിക്കുകയായിരുന്നു. ഗാസയില്‍ വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ട് മുന്പ് യുഎന്‍ രക്ഷാസമിതിയിലെത്തിയ പ്രമേയങ്ങളെല്ലാം യുഎസ് വീറ്റോ ചെയ്യുകയാണുണ്ടായിട്ടുള്ളത്.

ഗാസയെ ഭൂമിയില്‍നിന്നു തുടച്ചുനീക്കിയശേഷം വെടിനിര്‍ത്തലാവശ്യപ്പെടുന്ന യുഎസ് പ്രമേയം പ്രഹസനമാണെന്ന് റഷ്യയുടെ യുഎന്‍ അംബാസഡര്‍ വാസിലി നെബന്‍സ്യ ആരോപിച്ചു. യുഎന്നില്‍ പുതിയ വെടിനിര്‍ത്തല്‍ പ്രമേയത്തിനു ഫ്രാന്‍സ് മുന്‍കൈ എടുക്കുമെന്ന് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണ്‍ അറിയിച്ചു. ഇതിനിടെ, വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ക്കായി പശ്ചിമേഷ്യ സന്ദര്‍ശിക്കുന്ന യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ ഇന്നലെ ഇസ്രയേലിലെത്തി. ഖത്തറിലും വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ പുനരാരംഭിച്ചിട്ടുണ്ട്.

പലസ്തീന്‍ മരണസംഖ്യ 32,000ത്തോട് അടുക്കുന്ന പശ്ചാത്തലത്തില്‍ യുദ്ധം നിര്‍ത്തിവയ്ക്കാനായി ഇസ്രയേലിനുമേല്‍ അന്താരാഷ്ട്ര സമ്മര്‍ദം ശക്തമാണ്. ഉറ്റസുഹൃത്തായ യുഎസ് പലതവണ ഇസ്രയേലിനു മുന്നറിയിപ്പു നല്കിക്കഴിഞ്ഞു. എന്നാല്‍ പലസ്തീനികള്‍ തിങ്ങിക്കൂടിയിരിക്കുന്ന തെക്കന്‍ ഗാസയിലെ റാഫായില്‍ ആക്രമണം നടത്തുന്നതില്‍നിന്നു പിന്നോട്ടില്ലെന്നാണ് ഇസ്രയേലിന്റെ നിലപാട്.

ഇസ്രേലി സേന വടക്കന്‍ ഗാസയിലെ അല്‍ഷിഫ ആശുപത്രിയിലും റെയ്ഡ് തുടരുന്നുണ്ട്. ഇവിടെ 150ലധികം തീവ്രവാദികളെ വധിച്ചുവെന്നാണ് സേന അവകാശപ്പെടുന്നത്. നൂറുകണക്കിനു പേരെ അറസ്റ്റ് ചെയ്തിട്ടുമുണ്ട്. അതേസമയം, ആശുപത്രിയില്‍ അഭയം തേടിയ സാധാരണ ജനങ്ങളെയാണ് ഇസ്രേലി സേന ആക്രമിക്കുന്നതെന്നു ഹമാസ് ഭീകരര്‍ പറഞ്ഞു.

യുദ്ധാരംഭത്തില്‍ അല്‍ഷിഫയുടെ നിയന്ത്രണം ഇസ്രേലി സേന പിടിച്ചിരുന്നതാണ്. മാസങ്ങള്‍ക്കുശേഷം ഹമാസ് ഭീകരര്‍ ഇവിടം താവളമാക്കിയത്, ഗാസ യുദ്ധത്തില്‍ ഇസ്രേലി സേനയ്ക്കു വ്യക്തമായ പദ്ധതിയില്ലാത്തതിന്റെ തെളിവാണെന്നും അഭിപ്രായം ഉയര്‍ന്നിട്ടുണ്ട്. യുഎസിനു പുറമേ, ബ്രിട്ടന്‍, യൂറോപ്യന്‍ യൂണിയന്‍, ഓസ്‌ട്രേലിയ തുടങ്ങയവരും ഗാസയില്‍ ഉടന്‍ വെടിനിര്‍ത്തല്‍ വേണമെന്ന് അടുത്ത ദിവസങ്ങളില്‍ ഇസ്രയേലിനോട് ആവശ്യപ്പെട്ടു.

സൗദി, ഈജിപ്ത് രാജ്യങ്ങള്‍ സന്ദര്‍ശിച്ചു ചര്‍ച്ച നടത്തിയശേഷമാണു ബ്ലിങ്കന്‍ ഇസ്രയേലിലെത്തിയിരിക്കുന്നത്. ഗാസ യുദ്ധം തുടങ്ങിയശേഷം ബ്ലിങ്കന്റെ ആറാമതു പശ്ചിമേഷ്യാ സന്ദര്‍ശനമാണിത്. ഖത്തര്‍ തലസ്ഥാനമായ ദോഹയില്‍ നടക്കുന്ന വെടിനിര്‍ത്തല്‍ ചര്‍ച്ചയില്‍ മൊസാദ് മേധാവി ഡേവിഡ് ബാര്‍ണിയ, സിഐഎ മേധാവി വില്യം ബേണ്‍സ്, ഖത്തര്‍ പ്രധാനമന്ത്രി മുഹമ്മദ് ബിന്‍ അബ്ദുള്‍ റഹ്മാന്‍ അല്‍താനി, ഈജിപ്ഷ്യന്‍ ഇന്റലിജന്‍സ് മേധാവി അബ്ബാസ് കെമാല്‍ എന്നിവരാണു പങ്കെടുക്കുന്നത്.

 

Latest News