യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ മുന്നറിയിപ്പിനിടെ ഇസ്രായേല്‍ ഒറ്റക്ക് നില്‍ക്കുമെന്ന പ്രസ്താവനയുമായി പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ആവശ്യമെങ്കില്‍ ഒറ്റക്ക് നിന്ന് നഖങ്ങള്‍ കൊണ്ട് വേണമെങ്കിലും പോരാടുമെന്ന് നെതന്യാഹു പറഞ്ഞു. 1948ലെ യുദ്ധം ഓര്‍മിപ്പിച്ചായിരുന്നു നെതന്യാഹുവിന്റെ പ്രസ്താവന.
1948ല്‍ ഞങ്ങള്‍ ചെറിയ സംഘമായിരുന്നു. ഞങ്ങള്‍ക്ക് ആയുധങ്ങളുണ്ടായിരുന്നില്ല. എന്നാല്‍ തങ്ങള്‍ക്കിടയിലുണ്ടായിരുന്ന ആവേശവും ഐക്യവും മൂലം യുദ്ധം ജയിക്കാന്‍ കഴിഞ്ഞുവെന്ന് അദ്ദേഹം പറഞ്ഞു. ബൈഡന്‍ ആയുധവിതരണം നിര്‍ത്തിയാല്‍ കരുത്തുകൊണ്ടും ദൈവത്തിന്റെ അനുഗ്രഹം കൊണ്ടും തങ്ങള്‍ വിജയിക്കുമെന്നും നെതന്യാഹു കൂട്ടിച്ചേര്‍ത്തു. കരുത്തരായി നില്‍ക്കുമെന്നും ലക്ഷ്യങ്ങള്‍ നേടുമെന്നുമായിരുന്നു ഇസ്രായേല്‍ പ്രതിരോധ മന്ത്രി യോവ് ഗാലന്റിന്റെ പ്രസ്താവന.
റാഫയില്‍ അധിനിവേശം നടത്തിയാല്‍ ഇസ്രായേലിന് ആയുധങ്ങള്‍ നല്‍കില്ലെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ അറിയിച്ചിരുന്നു. സിഎന്‍എന്നിന് നല്‍കിയ അഭിമുഖത്തിലാണ് റാഫയിലെ ഇസ്രായേല്‍ നീക്കത്തിനെതിരെ വിമര്‍ശനവുമായി യുഎസ് പ്രസിഡന്റ് രംഗത്തെത്തിയത്.