അമേരിക്കയില്‍ വംശീയ അതിക്രമത്തില്‍ കൊല്ലപ്പെട്ട ജോർജ് ഫ്ലോയ്‌ഡ് വധക്കേസിലെ കൂട്ടുപ്രതിക്ക് തടവുശിക്ഷ വിധിച്ചു. കൊലപാതകം കണ്ടുനിന്ന മിനിയാപൊളിസില്‍ നിന്നുള്ള ടൗ താവോ എന്ന മുന്‍ പൊലീസ് ഉദ്യോഗസ്ഥനാണ് തടവുശിക്ഷ ലഭിച്ചത്. നാലുവർഷവും ഒമ്പതു മാസവുമാണ് കോടതി ഇദ്ദേഹത്തിന് തടവുശിക്ഷ വിധിച്ചത്.
2020 മെയ് 25-നാണ് വെള്ളക്കാരനായ പൊലീസുകാരൻ, ഡെറിക് ഷോവിൻ ഫ്ലോയ്‌ഡിനെ കൊലപ്പെടുത്തിയത്. “എനിക്ക് ശ്വാസം മുട്ടുന്നു; ശ്വസിക്കാനാകുന്നില്ല” എന്നു നിലവിളിച്ച ഫ്ലോയ്‌ഡ്, ഒമ്പതര മിനിറ്റ് ശ്വാസംകിട്ടാതെ പിടഞ്ഞു. എന്നാല്‍ ഫ്ലോയ്‌ഡിന്റെ കഴുത്തിൽ സഹപ്രവർത്തകൻ കാൽമുട്ടമർത്തി ശ്വാസംമുട്ടിച്ചുകൊല്ലുന്നത് ടൗ താവോ കണ്ടുനിന്നതായിയാണ് കോടതിയുടെ നിരീക്ഷണം. ഇതേ തുടര്‍ന്നാണ് ടൗ താവോയെയും കുറ്റക്കാരനായി വിധിച്ചത്. ഫ്ലോയ്‌ഡിന്റെ കൊലപാതകത്തോടെ അമേരിക്കയിൽ ശക്തിപ്രാപിച്ച ‘ബ്ലാക്ക് ലെെവ്സ് മാറ്റർ’ (കറുത്തവരുടെ ജീവന് വിലയുണ്ട്) പ്രക്ഷോഭം ലോകമാകമാനം പടർന്നിരുന്നു. മുഖ്യപ്രതിയായ ഷോവിന് 22.5 വർഷമാണ് തടവുക്ഷ ലഭിച്ചത്.