Sunday, November 24, 2024

ആക്രമണ ഭീഷണി; ജര്‍മനിയിലെ നാറ്റോ വ്യോമതാവളത്തില്‍ സുരക്ഷ ശക്തമാക്കി

ആക്രമണത്തിന് സാധ്യതയുണ്ടെന്ന രഹസ്യാന്വേഷ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പശ്ചിമ ജര്‍മനിയിലുള്ള നാറ്റോയുടെ വ്യോമ പ്രതിരോധ ദീര്‍ഘദൂര റഡാര്‍ നിരീക്ഷണ, നിയന്ത്രണ കേന്ദ്രത്തില്‍ സുരക്ഷ ശക്തമാക്കി. അത്യാവശ്യമല്ലാത്ത എല്ലാ ജീവനക്കാരെയും കേന്ദ്രത്തില്‍നിന്ന് മാറ്റിയതായി നാറ്റോ ‘എക്‌സി’ല്‍ അറിയിച്ചു.

നെതര്‍ലന്‍ഡ്‌സിന്റെ അതിര്‍ത്തിക്കടുത്തുള്ള ഗെയ്ലെന്‍കിര്‍ചെന്‍ വ്യോമതാവളത്തിനാണ് സുരക്ഷ ശക്തമാക്കിയത്. പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്തതുപോലെ നടക്കുന്നുണ്ടെന്ന് വ്യക്തമാക്കിയ നാറ്റോ, ഭീഷണിയുടെ സ്വഭാവത്തെക്കുറിച്ചുള്ള വിവരങ്ങള്‍ വെളിപ്പെടുത്താന്‍ തയാറായില്ല. ഗെയ്ലെന്‍കിര്‍ചെന്‍ വ്യോമതാവളത്തിന് സമീപത്ത് സംശയാസ്പദമായി കണ്ട വ്യക്തിയെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

ആണവ കേന്ദ്രങ്ങള്‍ ഉള്‍പ്പെടെ റഷ്യന്‍ സേന ആക്രമിക്കാന്‍ പദ്ധതിയിടുന്നു എന്ന അഭ്യൂഹങ്ങളുടെ പശ്ചാത്തലത്തിലാണ് സുരക്ഷ നടപടി സ്വീകരിച്ചത്. കഴിഞ്ഞയാഴ്ച, ജലവിതരണം തകര്‍ക്കുമെന്ന ആശങ്കയുടെ പശ്ചാത്തലത്തില്‍ കൊളോണിന് സമീപത്തെ പ്രധാന ജര്‍മന്‍ വ്യോമസേന താവളം മണിക്കൂറുകളോളം പൂട്ടിയിരുന്നു.

സംഭവത്തില്‍ അട്ടിമറി നടന്നതിനുള്ള തെളിവുകളൊന്നും അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നില്ല.അതേസമയം, അട്ടിമറി ലക്ഷ്യത്തോടെ റഷ്യയുടെ ഓര്‍ലന്‍-10 ഡ്രോണുകള്‍ വടക്കന്‍ ജര്‍മനിയിലെ ആണവ കേന്ദ്രത്തിന് മുകളില്‍ നിരവധി തവണ പറന്നെന്ന സംശയത്തില്‍ അന്വേഷണം നടത്തുകയാണെന്ന് അധികൃതര്‍ വ്യാഴാഴ്ച അറിയിച്ചിരുന്നു.

 

Latest News