Thursday, April 3, 2025

റോമന്‍ മ്യൂസിയത്തിൽ നിന്ന് 2,000 വർഷം പഴക്കമുള്ള സ്വർണ്ണ നാണയങ്ങള്‍ മോഷ്ടിച്ചു: കേസിൽ നാല് പേര്‍ അറസ്റ്റില്‍

ജര്‍മ്മനിയിലെ റോമന്‍ മ്യൂസിയത്തില്‍ നിന്ന് സ്വർണ്ണനാണയങ്ങള്‍ മോഷണം പോയ സംഭവത്തില്‍ നാലുപേരെ ജര്‍മ്മൻ പോലീസ് അറസ്റ്റ് ചെയ്തു. ജര്‍മ്മനിയിലെ ഷെവറിന്‍ മേഖലയില്‍ നടത്തിയ തെരച്ചിലില്‍, ചൊവ്വാഴ്ച മോഷ്ടാക്കള്‍ പിടിയിലാവുകയായിരുന്നു.

കനത്ത സുരക്ഷാസംവിധാനമുള്ള മാന്‍ചിംഗിലെ റോമന്‍ മ്യൂസിയത്തില്‍ കഴിഞ്ഞ നവംബര്‍ 22-നാണ് മോഷണം നടന്നത്. ബി.സി. ഒന്നാം നൂറ്റാണ്ടിലേതെന്ന് വിലയിരുത്തപ്പെടുന്ന 483 പുരാതന സ്വര്‍ണനാണയങ്ങളായിരുന്നു കൊള്ളസംഘം കവര്‍ന്നത്. സുരക്ഷാ ഉദ്യോഗസ്ഥരുടെയും സംവിധാനങ്ങളുടെയും കണ്ണുവെട്ടിച്ച് ഒരു അപായസൈറണ്‍ പോലും പ്രവര്‍ത്തിക്കാത്ത തരത്തില്‍ വെറും ഒൻപതു മിനിറ്റിലായിരുന്നു, മോഷ്ടാക്കള്‍ മ്യൂസിയത്തിനുള്ളില്‍ കടന്നതും പുറത്തുകടന്നതും.

വളരെ ആസൂത്രണം ചെയ്ത് സംഘടിതമായാണ് മോഷ്ടാക്കൾ കളവ് നടത്തിയതെന്ന് അന്വേഷണസംഘം നേരത്തെ വിശദമാക്കിയിരുന്നു. മ്യൂസിയത്തിനു സമീപത്തെ ടെലികോം ഹബ്ബിലെ കേബിളുകള്‍ മുറിച്ച് ആശയവിനിമയ സംവിധാനം തകരാറിലാക്കിയശേഷമായിരുന്നു നീക്കം. സുരക്ഷാ ഉദ്യോഗസ്ഥരെപോലും അമ്പരപ്പിച്ച സംഭവത്തില്‍ പ്രതികളെ കണ്ടെത്താന്‍ എട്ടുമാസമായി ശ്രമം നടത്തിവരികയായിരുന്നു. ഇതിനിടയിലാണ് ഷെവറിന്‍ മേഖലയിലെ റെയ്ഡില്‍ മോഷ്ടാക്കളെ പിടികൂടുന്നത്. ഇവരില്‍ നിന്ന് കൊള്ളമുതൽ കണ്ടെത്തിയിട്ടുണ്ടെന്നാണ് ലഭ്യമാകുന്ന പ്രാഥമികവിവരം.

അതേസമയം, 1999-ല്‍ മാന്‍ചിംഗിനു സമീപത്തു നടന്ന ഒരു ഖനനത്തിനിടയിലാണ് 483 പുരാതന സ്വർണ്ണനാണയങ്ങള്‍ ലഭിച്ചത്. ഇത് ഏകദേശം 15 കോടി (ഇന്ത്യൻ റുപ്പി) രൂപ വിലമതിക്കുമെന്നാണ് കരുതപ്പെടുന്നത്. സ്വർണ്ണനാണയങ്ങള്‍ക്കു പുറമെ ഖനനത്തില്‍ സ്വര്‍ണ്ണക്കട്ടിയും ലഭിച്ചിരുന്നു. 2006 മുതല്‍ ഇവ മ്യൂസിയത്തില്‍ പ്രദര്‍ശനത്തിനു വച്ചിരുന്നു.

Latest News