Wednesday, June 17, 2026

റഷ്യൻ ആക്രമണഭീതിയിൽ ബങ്കർ വികസിപ്പിക്കാൻ പദ്ധതിയിട്ട് ജർമ്മനി

ബോംബ് പ്രൂഫ് ബങ്കറുകളുടെയും ഷെൽട്ടറുകളുടെയും ശൃംഖല ഉടനടി വികസിപ്പിക്കാനുള്ള പദ്ധതികൾ വേ​ഗത്തിലാക്കാൻ ജർമ്മനി തയ്യാറെടുക്കുന്നതായി വെളിപ്പെടുത്തി സർക്കാരിന്റെ ഏറ്റവും മുതിർന്ന സിവിലിയൻ പ്രൊട്ടക്ഷൻ ഉദ്യോഗസ്ഥൻ. അടുത്ത നാലുവർഷത്തിനുള്ളിൽ റഷ്യയിൽനിന്നുള്ള ആക്രമണത്തിന് സംസ്ഥാനം തയ്യാറാകേണ്ടതുണ്ടെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

“ഒരു യുദ്ധത്തിനായി തയ്യാറെടുക്കേണ്ട സാഹചര്യമല്ലെന്ന് ഇതുവരെ കരുതിയിരുന്നു. എന്നാൽ അത് മാറി. യൂറോപ്പിൽ ഒരു വലിയ ആക്രമണയുദ്ധത്തിന്റെ അപകടസാധ്യതയെക്കുറിച്ച് ഞങ്ങൾക്ക് ആശങ്കയുണ്ട്” – ഫെഡറൽ ഓഫീസ് ഓഫ് സിവിൽ പ്രൊട്ടക്ഷൻ ആൻഡ് ഡിസാസ്റ്റർ അസിസ്റ്റൻസിന്റെ (ബി ബി കെ) തലവൻ റാൽഫ് ടൈസ്‌ലർ വാർത്താ ഏജൻസിയോടു പറഞ്ഞു. ജർമ്മനിയുടെ നിലവിലെ അവസ്ഥയിൽ വേണ്ടത്ര തയ്യാറെടുപ്പുകൾ നടത്തിയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തുരങ്കങ്ങൾ, മെട്രോ സ്റ്റേഷനുകൾ, ഭൂഗർഭ ഗാരേജുകൾ, കാർ പാർക്കിംഗുകൾ, പൊതുകെട്ടിടങ്ങളുടെ നിലവറകൾ എന്നിവ സംരക്ഷണ ഷെൽട്ടറുകളാക്കി മാറ്റും. ഒരുദശലക്ഷം ആളുകൾക്ക് വേഗത്തിൽ എത്തപ്പെടാൻ സാധിക്കുന്ന തരത്തിലുള്ള ഒരുക്കങ്ങൾ നടത്തും. ഈ വേനൽക്കാലത്തിന്റെ അവസാനത്തിൽ തന്റെ ഏജൻസി അതിനായി ഒരു സമഗ്ര പദ്ധതി അവതരിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Latest News