ജൂണില്‍ നടക്കാനിരിക്കുന്ന ജി7 ഉച്ചകോടിയിലേയ്ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയെ ക്ഷണിക്കില്ലെന്ന് സൂചന. ഉച്ചകോടിയിലേയ്ക്ക് ഇന്ത്യയെ അതിഥിയായി ക്ഷണിച്ചേക്കുമെന്ന് നേരത്തെ സൂചനകളുണ്ടായിരുന്നു. എന്നാല്‍ റഷ്യ-യുക്രൈന്‍ വിഷയത്തില്‍ റഷ്യയ്ക്ക് അനുകൂലമായ നിലപാട് ഇന്ത്യ സ്വീകരിച്ചതോടെയാണ് ജി7 നില്‍ നിന്ന് ഇന്ത്യയെ വിലക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചത്.
ഉച്ചകോടിയില്‍, സൈനഗല്‍, ദക്ഷിണാഫ്രിക്ക, ഇന്തോനേഷ്യ എന്നിവരെ അതിഥികളാക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. എന്നാല്‍, ഇന്ത്യയുടെ കാര്യത്തില്‍ ഇപ്പോഴും ധാരണയായിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. യുഎന്‍ മനുഷ്യാവകാശ കൗണ്‍സിലില്‍ നടന്ന റഷ്യയ്‌ക്കെതിരായ വോട്ടെടുപ്പില്‍ നിന്ന് ഇന്ത്യയുള്‍പ്പെടെയുള്ള 50 രാജ്യങ്ങള്‍ വിട്ടു നിന്നിരുന്നു. ഇത് പാശ്ചാത്യ രാജ്യങ്ങളെ പ്രകോപിപ്പിച്ചിരുന്നു. റഷ്യന്‍ ആയുധങ്ങള്‍ വാങ്ങുന്ന രാജ്യവുമാണ് ഇന്ത്യ.
ഉച്ചകോടിയില്‍ പങ്കെടുക്കുന്ന അതിഥി രാജ്യങ്ങളുടെ പട്ടിക ഉടന്‍ പുറത്തുവിടുമെന്ന് ജര്‍മ്മനി അറിയിച്ചു. നേരത്തെ യുക്രൈന്‍ അധിനിവേശത്തെ തുടര്‍ന്ന് റഷ്യയ്ക്കുമേല്‍ ജി7 രാജ്യങ്ങള്‍ ഉപരോധം ഏര്‍പ്പെടുത്തിയിരുന്നു. ഇതിന് പുറമേ പല അംഗരാജ്യങ്ങളും യുക്രൈന് ആയുധങ്ങള്‍ നല്‍കുകയും ചെയ്തിരുന്നു.