Wednesday, May 14, 2025

നഖം കടിക്കുന്നത് ശീലമാണോ, വരാൻ പോകുന്നത് ഗുരുതര പ്രശ്‌നങ്ങൾ

നിങ്ങൾക്ക് നഖം കടിക്കുന്ന ശീലമുണ്ടോ? എന്നാൽ അത് നിങ്ങളുടെ മാത്രം പ്രശ്‌നമാണെന്ന് തെറ്റിദ്ധരിക്കണ്ട, നിങ്ങൾക്കൊപ്പം ലോകത്ത് തന്നെ 30ശതമാനത്തോളം ആളുകൾക്ക് ഇതേ ശീലം ഉണ്ട്. നിരുപദ്രവകാരിയായ ഒരു ശീലം ആണെങ്കിലും ഇത് സ്ഥിരമാക്കിയാൽ ഗുരുതരമായ പ്രശ്‌നമായേക്കാം. കാരണം നഖം കടിക്കുന്നതിലൂടെ നഖത്തിന് അണുബാധയ്‌ക്കൊപ്പം ദന്തപ്രശ്‌നങ്ങളും വന്നേക്കാം.

നഖം കടിക്കുന്നതിന്റെ കാരണങ്ങൾ:

വളരെ പെട്ടെന്ന് ഒരു ദിവസം തുടങ്ങുന്ന ശീലമല്ല നഖം കടിക്കുന്നത്. വളരെ ചെറുപ്പത്തിൽ തന്നെ ആ ശീലം തുടങ്ങി കഴിഞ്ഞിട്ടുണ്ടാകാം. ചിലപ്പോൾ നിങ്ങൾ മനഃപൂർവ്വമോ അല്ലെങ്കിൽ അറിയാതെയോ ചെയ്തു പോകുന്നതാണ് ഈ ശീലം. നഖം കടിക്കാൻ ഉണ്ടായേക്കാവുന്ന മൂന്ന് കാരണങ്ങൾ.

1. പാരമ്പര്യം: ഇത് പാരമ്പര്യമായി സംഭവിക്കാവുന്ന ഒന്നാണ്. കുടുംബത്തിൽ അച്ഛനോ അമ്മയ്‌ക്കോ ഈ ശീലം ഉണ്ടെങ്കിൽ അത് കുട്ടികൾക്ക് വരാനുള്ള സാധ്യത കൂടുതലാണ്.

2. സാഹചര്യം: വീട്ടിലോ സ്‌കൂളിലോ സമ്മർദ്ദകരമായ സാഹചര്യം അനുഭവിക്കുന്നതിലൂടെ ഈ ശീലം ഉടലെടുക്കാറുണ്ട്. ടെൻഷനും മറ്റ് കാര്യങ്ങളും വരുമ്പോൾ അറിയാതെ നഖം കടിച്ചു പോകുന്നത് പിന്നീട് ഒരു ശീലത്തിലേക്ക് വരും.

3. മാനസീകാവസ്ഥ: ഉത്കണ്ഠ, വിഷാദം, ഒസിഡി എന്നിവ നഖം കടിക്കുന്നതിന് ശീലമാകാം എന്ന് പഠനം പറയുന്നു.

നഖം കടിക്കുന്നതിന് പിന്നിലെ അപകടം:

നഖം സ്ഥിരമായി കടിക്കുന്നതിലൂടെ നഖത്തിന്റെ ടിഷ്യുവിനെ ഇത് സാരമായി ബാധിക്കും. ടിഷ്യുവിന് ഇത് കേടുപാടുകൾ വരുത്തുന്നു. പിന്നീട് നഖത്തിന്റെ വളർച്ചയെ തന്നെ ബാധിച്ചേക്കാം. മാത്രമല്ല നഖങ്ങൾക്ക് രൂപമാറ്റം വരെ ഉണ്ടായേക്കാം. നഖം ചുവന്ന് വരികയും മാത്രമല്ല വിരലിൽ നിന്നും എളുപ്പത്തിൽ അണുക്കൾ വായ്ക്കുള്ളിൽ പ്രവേശിക്കാൻ കാരണമാകുന്നു. ഇതിലൂടെ വയറിലെ അണുബാധയ്ക്ക് വരെ കാരണമാകുന്നു.

പല്ലുകൾക്ക് വളരെ ദോഷമുള്ള കാര്യമാണ് നഖം കടിക്കുന്നത്. കടിക്കുമ്പോൾ ഉണ്ടാകുന്ന ആവർത്തിച്ചുള്ള സമ്മർദ്ദം കാരണം പല്ലുകൾക്ക് പൊട്ടൽ വരെ വരാൻ കാരണമാകും എന്നാണ് പഠനങ്ങൾ പറയുന്നത്.

എങ്ങനെ ഈ ശീലം നിർത്താം:

ഈ ശീലം അപകടത്തിലേക്ക് നയിക്കുന്നു എന്ന തോന്നൽ ഉണ്ടാകുകയാണെങ്കിൽ അത് നിറുത്താൻ നിങ്ങൾക്ക് സാധിക്കുന്നില്ലെങ്കിൽ ഇതാ ഇനി ഈ വഴികൾ ഒന്നു ശ്രമിച്ചു നോക്കാവുന്നതാണ്.

1. കൈയ്യുറകൾ ധരിക്കാം: കൈയ്യുറകൾ ശീലമാക്കുന്നത് ഒരു പരിഹാരമാണ്

2. കയ്പ് രുചിയുള്ള നെയിൽ പോളീഷ്: വളരെ അസഹ്യമായ രുചിയുള്ള നെയിൽ പോളീഷുകൾ കടകളിൽ നിന്നും ലഭ്യമാണ്. ഇവ ഉപയോഗിച്ച് ശീലത്തിൽ നിന്നും പതുക്കെ പിന്മാറാം.

3. നഖം വെട്ടിക്കൊടുക്കുക: സ്ഥിരമായി നഖം വെട്ടി ചെറുതാക്കി വയ്ക്കുന്നതിലൂടെ ഒരു മികച്ച പരിഹാരം കണ്ടെത്താം.

4. മറ്റൊരു ശീലത്തിലേക്ക് മാറുക: നഖം കടിക്കാൻ തോന്നുമ്പോൾ അല്ലെങ്കിൽ കടിച്ചു പോയാൽ അതിൽ നിന്നും ശ്രദ്ധമാറ്റി മറ്റൊരു ശീലത്തിലേക്ക് കടക്കുക.

5. എന്താണ് കാരണം എന്ന് കണ്ടെത്തുക: നഖം കടിക്കാൻ ശരിയായ കാരണം കണ്ടെത്തുക.

നഖങ്ങളെ പരിപാലിക്കാം:

ഒരാളുടെ ശുചിത്വം അയാളുടെ വീട്ടിൽ നിന്നാണ് ആരംഭിക്കേണ്ടത്. നഖം ആഴ്ചയിൽ ഒരിക്കൽ എങ്കിലും വെട്ടി വൃത്തിയാക്കുകയും വളർന്ന് നീണ്ടു പോകാതിരിക്കാൻ ശ്രമിക്കുകയും വേണം. കാരണം നീണ്ട നഖം കടിക്കാൻ എല്ലാവർക്കും ഒരു പ്രേരണ ഉണ്ടാകും. അപ്പോൾ നഖം ചെറുതും വെട്ടിയതുമാണെങ്കിൽ ആ ഒരു ശീലത്തിലേക്ക് പോകില്ല. മാത്രമല്ല നീണ്ട നഖം എപ്പോഴും ഒടിഞ്ഞു പോകാനോ കേടുപാടുകൾ സംഭവിക്കാനോ സാധ്യതകൾ ഉണ്ട്. കുളി കഴിഞ്ഞ ശേഷം മാത്രം നഖം വെട്ടുക. കാരണം വെള്ളം വീണ് നനയുന്നതോടെ നഖം അൽപം മൃദുവാകുന്നു. അപ്പോൾ വളരെ എളുപ്പം വെട്ടാൻ സാധിക്കുന്നു.

ശരീര ചർമ്മ പോലെ തന്നെ നഖങ്ങൾക്കും വേണം പ്രത്യേക സംരക്ഷണം. വരണ്ടതും പൊട്ടുന്നതുമായ നഖങ്ങൾ എളുപ്പത്തിൽ പിളരാൻ സാധ്യത ഉണ്ട്. കൈകൾ സോപ്പ് ഉപയോഗിച്ച് കഴുകിയതിന് ശേഷം നഖങ്ങളിൽ ലോഷൻ പുരട്ടണമെന്ന് ആരോഗ്യ വിദഗ്ദർ പറയുന്നു. മാത്രമല്ല കഴുകിയതിന് ശേഷം കൈകൾ പൂർണ്ണമായും ഉണങ്ങി എന്ന് ഉറപ്പു വരുത്തുക. എന്നാൽ നഖങ്ങൾ ഏറെ നേരെ നനഞ്ഞിരിക്കാതെ ഇരിക്കണം കാരണം. ഇത്തരത്തിൽ നനഞ്ഞിരിക്കുന്നത് അണുബാധയ്ക്ക് കാരണമായേക്കാം.

Latest News