Thursday, November 21, 2024

കംബോഡിയയിൽ വംശനാശം സംഭവിച്ചതായി കരുതിയിരുന്ന ‘പ്രേത’മത്സ്യത്തെ 20 വർഷങ്ങൾക്കുശേഷം കണ്ടെത്തി ഗവേഷകർ

2005 മുതൽ കണ്ടിട്ടില്ലാത്തതും വംശനാശം സംഭവിച്ചുവെന്ന് ഭയപ്പെട്ടിരുന്നതുമായ ‘മെകോംഗ് ഗോസ്റ്റ്’ എന്ന ‘പ്രേത’മത്സ്യത്തെ വീണ്ടും കണ്ടെത്തി ശാസ്ത്രജ്ഞർ. 30 കിലോയോളം വലിപ്പം വയ്ക്കുന്ന ഇവയ്ക്ക് വിചിത്രമായ ആകൃതിയിലുള്ള വായയും നീളമുള്ള താടിയെല്ലുമാണ് ബാഹ്യ പ്രത്യേകതകൾ.

2020 ൽ കംബോഡിയയിൽ മത്സ്യത്തൊഴിലാളികൾക്ക് പ്രേതമത്സ്യത്തെ കിട്ടിയെന്ന വാർത്ത വന്നിരുന്നെങ്കിലും ശാസ്ത്രജ്ഞർ സ്ഥലത്ത് എത്തുന്നതിനുമുൻപേ ഇത് വിറ്റുപോയിരുന്നു. മത്സ്യത്തിന്റെ ഫോട്ടോ കണ്ട ശാസ്ത്രജ്ഞർ അത് പ്രേതമത്സ്യമാണെന്ന് ഏറെക്കുറെ സ്ഥിരീകരിച്ചിരുന്നു.

മൂന്ന് വർഷങ്ങൾക്കുശേഷം കംബോഡിയൻ മത്സ്യത്തൊഴിലാളികൾക്ക് മെകോംഗ് നദിയിൽനിന്ന് അഞ്ചു മുതൽ ആറു കിലോ വരെ വലിപ്പവും 2-3 അടി നീളവുമുള്ള രണ്ട് മത്സ്യങ്ങളെക്കൂടി കിട്ടി. ഇത്തവണ ഗവേഷകർക്ക് മത്സ്യം വാങ്ങി പരിശോധിക്കാൻ സാധിച്ചു.

ബയോളജിക്കൽ കൺസർവേഷൻ ജേണലിലാണ് ഗവേഷകർ പ്രേതമത്സ്യത്തെക്കുറിച്ചുള്ള തങ്ങളുടെ കണ്ടെത്തലുകൾ പ്രസിദ്ധീകരിച്ചത്.

ലോകത്തിലെ ഏറ്റവും നീളം കൂടിയ നദികളിലൊന്നും ദശലക്ഷക്കണക്കിന് ആളുകളുടെ ജീവനോപാധിയുമായ മെകോങ്ങിനെ സംരക്ഷിക്കാൻ പ്രവർത്തിക്കുന്ന ടീമിന് അത് ആഘോഷത്തിന്റെ നിമിഷമായിരുന്നു. ഒന്നിലധികം തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളിലൂടെ കടന്നുപോകുന്ന മെകോംഗ്, ജൈവവൈവിധ്യത്താൽ സമ്പന്നമാണ്. എന്നാൽ ജലവൈദ്യുത വികസനം, അമിത മത്സ്യബന്ധനം, ആവാസവ്യവസ്ഥയുടെ തകർച്ച എന്നിവയുൾപ്പെടെ വിവിധ വെല്ലുവിളികൾ ഇന്ന് ഈ നദി അഭിമുഖീകരിക്കുന്നു.

നാലടി വരെ വലിപ്പം വയ്ക്കുന്ന മത്സ്യമായ ‘മെക്കോംഗ് ഗോസ്റ്റ്’ വർഷങ്ങൾ കടന്നുപോകുമ്പോൾ ഈ ഭൂമുഖത്തുനിന്ന് നിശ്ശബ്ദമായി തുടച്ചുനീക്കപ്പെടുമെന്ന ശാസ്ത്രജ്ഞരുടെ വളരെക്കാലമായുള്ള ആശങ്കയ്ക്കാണ് ഇപ്പോൾ അറുതിവന്നിരിക്കുന്നത്.

Latest News