പടിഞ്ഞാറന്‍ നേപ്പാളിലെ ഭൂകമ്പബാധിതമേഖലകളിലേക്ക് അയച്ച ദുരിതാശ്വാസ സഹായം നേപ്പാള്‍ അധികൃതര്‍ക്ക് ഇന്ത്യ കൈമാറി. ‘നേപ്പാളിലെ ജനതയ്ക്ക് ഇന്ത്യന്‍ജനതയുടെ സമ്മാനം’ എന്ന ഹാഷ്ടാഗോടെ, കേന്ദ്ര വിദേശകാര്യമന്ത്രി എസ്. ജയശങ്കറാണ് എക്സിലൂടെ ഇക്കാര്യം പങ്കുവച്ചത്. 12 ടൺ സഹായമാണ് വ്യാഴാഴ്ച ഇന്ത്യന്‍ വ്യോമസേന നേപ്പാളിലെത്തിച്ചത്.
നവംബര്‍ മൂന്നിന് നേപ്പാളിലെ ജജര്‍ക്കോട്ടിലും രുക്കുമിലും 6.4 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തില്‍ കനത്ത നാശനഷ്ടമാണ് ഉണ്ടായത്. സംഭവത്തില്‍ 153 പേര്‍ക്ക് ജീവന്‍ നഷ്ടമാകുകയും 260 പേര്‍ക്ക് പരിക്കേല്‍ക്കുകയും നിരവധി കെട്ടിടങ്ങള്‍ നിലംപൊത്തുകയും ചെയ്തിരുന്നു. തുടര്‍ന്ന് നവംബര്‍ ഏഴിന് 4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനവും തുടര്‍ചലനങ്ങളും ഉണ്ടാവുകയും ഇത് നേപ്പാളിലെ ദുരന്തത്തിന്റെ ആഘാതം വര്‍ധിപ്പിക്കുകയും ചെയ്തു. ഇതേതുടര്‍ന്നാണ് നേപ്പാളിന് ഇന്ത്യ ദുരിതാശ്വാസ സഹായം എത്തിച്ചത്.
ഭൂകമ്പം ദുരന്തംവിതച്ച അടുത്ത ദിവസംതന്നെ വടക്കുപടിഞ്ഞാറൻ പർവതമേഖലയിലെ ഭൂകമ്പബാധിത കുടുംബങ്ങൾക്കായി ഇന്ത്യ അടിയന്തരസഹായം എത്തിച്ചിരുന്നു. മൂന്നുദിവസത്തിനുശേഷം, നവംബർ 6 -ന് ഒമ്പതു ടണ്ണിന്റെ രണ്ടാമത്തെ സഹായവും ഇന്ത്യ കൈമാറി. മെഡിക്കൽ കിറ്റുകൾ, ശുചിത്വസാമഗ്രികൾ, ടെന്റുകൾ, സ്ലീപ്പിംഗ് ബാഗുകൾ, പുതപ്പുകൾ എന്നിവ ഉൾപ്പെടുന്നതായിരുന്നു ഇത്. ഈ സഹായങ്ങളുടെ തുടര്‍ച്ചയായാണ് വ്യാഴാഴ്ച, അടിയന്തരസഹായം നേപ്പാളിനു കൈമാറിയത്. നൂറ്റാണ്ടുകളുടെ ബന്ധമുള്ള അടുത്ത അയൽരാജ്യമെന്നനിലയിൽ, നേപ്പാളിലെ ഭൂകമ്പബാധിത ജില്ലകളിലേക്ക് അടിയന്തര ദുരിതാശ്വാസ സാമഗ്രികൾ അയച്ച ആദ്യരാജ്യമാണ് ഇന്ത്യ.