ലോകത്തില്‍ ഏറ്റവും കൂടുതല്‍ ട്രാക്ക് ചെയ്യപ്പെട്ട വിമാനമായി യുഎസ് എയര്‍ഫോഴ്സ് വിമാനം മാറി. കാരണം ഈ വിമാനത്തിലാണ് യുഎസ് സ്പീക്കര്‍ നാന്‍സി പെലോസി തായ്വാന്‍ സന്ദര്‍ശിക്കാനെത്തിയത്. ഫ്‌ലൈറ്റ് റഡാര്‍ 24 സേവനങ്ങള്‍ തിരക്കിലാണെന്നും ട്രാഫിക് വര്‍ദ്ധനവു കാരണം ഓഫ്ലൈനാകേണ്ടി വന്നെന്നും ചില ഉപയോക്താക്കള്‍ക്ക് നിലവില്‍ തങ്ങളുടെ സൈറ്റ് ആക്സസ് ചെയ്യുന്നതില്‍ പ്രശ്നങ്ങള്‍ ഉണ്ടായേക്കാം എന്നും കമ്പനി ട്വീറ്റ് ചെയ്തു.
SPAR19 എന്ന യുഎസ് എയര്‍ഫോഴ്‌സ് വിമാനത്തിലാണ് നാന്‍സി പെലോസി തായ്വാനിലെത്തിയത്. പ്രാദേശിക സമയം 15:42 ന് ക്വാലാലംപൂരില്‍ നിന്നും പുറപ്പെട്ട വിമാനത്തെ 7 ലക്ഷത്തിലധികം പേരാണ് ട്രാക്ക് ചെയ്തത്. ഫ്‌ലൈറ്റ് റഡാര്‍ 24 ന്റെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ട്രാക്ക് ചെയ്യപ്പെട്ട വിമാനമായി ഇത് മാറി. നാന്‍സി പെലോസി തായ്വാനിലെത്തിയ ശേഷം വെബ്‌സൈറ്റ് സാധാരണ നിലയിലേക്ക് തിരിച്ചെത്തിയെന്നും ഉപയോക്താക്കള്‍ക്ക് സേവനങ്ങള്‍ വീണ്ടും ലഭ്യമായിത്തുടങ്ങി എന്നും കമ്പനി അറിയിച്ചു. 25 വര്‍ഷത്തിനിടെ ഇതാദ്യമായാണ്, ഏറ്റവും ഉയര്‍ന്ന റാങ്കിലുള്ള ഒരു അമേരിക്കന്‍ പ്രതിനിധി തായ്‌വാനില്‍ സന്ദര്‍ശനം നടത്തുന്നത്.
നാന്‍സി പെലോസിയുടെ തായ്‌വാന്‍ സന്ദര്‍ശനത്തെ ചൈനീസ് സര്‍ക്കാര്‍ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. തായ്വാനെ തങ്ങളുടെ പ്രവിശ്യ ആയാണ് ചൈന കണക്കാക്കുന്നത്. എന്നാല്‍ തായ്വാന്‍ സ്വയംഭരണാധികാരമുള്ള സ്വതന്ത്ര രാഷ്ട്രമായാണ് തങ്ങളെത്തന്നെ കണക്കാക്കുന്നത്. പെലോസിയുടെ തായ്വാന്‍ സന്ദര്‍ശനം വളരെയേറെ അപകടകരവും പ്രകോപനപരവുമാണെന്നാണ് ചൈന പറഞ്ഞത്. അമേരിക്ക തീക്കൊള്ളികൊണ്ടാണ് കളിക്കുന്നതെന്നും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ് മുന്നറിയിപ്പ് നല്‍കിയിരുന്നു.