Monday, November 25, 2024

സ്വര്‍ണം പവന് സര്‍വകാല റെക്കോര്‍ഡ്; 42,880 രൂപ

സംസ്ഥാനത്തെ സ്വര്‍ണ വിപണിയുടെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിലവാരത്തിലേയ്ക്ക് പവന്‍ പ്രവേശിച്ചു. പവന് 480 രൂപ ഉയര്‍ന്ന് 42,880 രൂപയായി. ഇന്നലെ നിരക്ക് 42,400 രൂപയായിരുന്നു. ഗ്രാമിന് 60 രൂപ കയറി 5360 രൂപയായി. ജനുവരി 26 ന് രേഖപ്പെടുത്തിയ 42,480 രൂപയിലെ റെക്കോര്‍ഡാണ് വിപണി ഇന്ന് മറികടന്നത്. വിലക്കയറ്റം താല്‍ക്കാലികമായി തുടരുമെന്ന അവസ്ഥയാണ്.

യു എസ് ഫെഡ് റിസര്‍വ് പലിശ നിരക്ക് കഴിഞ്ഞ രാത്രി ഉയര്‍ത്തി നിശ്ചയിച്ചതാണ് ആഗോളതലത്തില്‍ മഞ്ഞലോഹത്തിന് വില കുതിക്കാന്‍ കാരണമായത്. അവര്‍ പലിശ നാലര ശതമാനത്തില്‍ നിന്നു 4.75 ശതമാനമാക്കി. പലിശ വര്‍ദ്ധന ആഗോള സാമ്പത്തിക മാന്ദ്യം രൂക്ഷമാക്കും.

സാര്‍വദേശീയ വിപണിയില്‍ സ്വര്‍ണ വില ട്രോയ് ഔണ്‍സിന് 1920 ഡോളറില്‍ നിന്നും 1957.28 ഡോളര്‍ വരെ കയറി ഇടപാടുകള്‍ നടന്നു. ഏഷ്യന്‍ മാര്‍ക്കറ്റില്‍ രാവിലെ 1952 ഡോളറിലാണ് വ്യാപാരം പുരോഗമിക്കുന്നത്. കേന്ദ്ര ബജറ്റില്‍ സ്വര്‍ണ ഇറക്കുമതി നികുതി പതിനഞ്ച് ശതമാനത്തില്‍ നിലനിര്‍ത്തി. അതേസമയം ഇറക്കുമതി ചെയ്യുന്ന ആഭരണങ്ങള്‍ക്ക് 22 ശതമാനമായിരുന്ന ഡ്യൂട്ടി 25 ശതമാനമായി വര്‍ദ്ധിപ്പിച്ചു. ഇതിനിടയില്‍ രൂപയുടെ മൂല്യം വീണ്ടും തകരുകയാണ്. ഡോളറിന് മുന്നില്‍ ബജറ്റ് വേളയില്‍ 82.03 ലേയ്ക്ക് ദുര്‍ബലമായ വിനിമയ നിരക്ക് ഇന്ന് 81.79 ലാണ് ഇടപാടുകള്‍ക്ക് തുടക്കം കുറിച്ചത്.

കേന്ദ്ര ബാങ്കുകള്‍ സ്വര്‍ണ ഇറക്കുമതി ഉയര്‍ത്തി

പോയ വര്‍ഷം വിവിധ ബാങ്കുകള്‍ സ്വര്‍ണ്ണത്തില്‍ കണ്ണുവെച്ചതോടെ ഇടപാടുകള്‍ 1136 ടണ്ണായി ഉയര്‍ന്നു. 1967 ന് ശേഷം ഇത്ര അധികം സ്വര്‍ണംകേന്ദ്ര ബാങ്കുകള്‍ വാരികൂട്ടുന്നത് ആദ്യമാണ്. 1950 ശേഷം ഇത്രയും മഞ്ഞലോഹം ബാങ്കുകള്‍ ശേഖരിക്കുന്നത് രണ്ടാം തവണയാണ്. 2021 നെഅപേക്ഷിച്ച് 150 ശതമാനം വര്‍ദ്ധനയാണ് രേഖപ്പെടുത്തിയത്.

 

 

Latest News