ലോകരാജ്യങ്ങളിലെ സമാധാനതോത് വിലയിരുത്തുന്ന ഏജന്‍സിയായ ഇൻസ്റ്റിട്യൂട്ട് ഓഫ് ഇക്കണോമിക്സ് ആൻഡ് പീസ് പുറത്തുവിട്ട ആഗോള സമാധാന സൂചികയില്‍ യുറോപ്യന്‍ രാജ്യങ്ങള്‍ക്ക് മേധാവിത്വം. 2023 ലെ സമാധാന സൂചിക പ്രകാരം ഐസ്‌ലന്‍ഡാണ് ലോകത്തെ ഏറ്റവും സമാധാനമുള്ള രാജ്യം. 2008 മുതല്‍ ഐസ്‌ലന്‍ഡ് ഈ പട്ടികയില്‍ ഒന്നാം സ്ഥാനത്ത് തുടരുകയാണ്. തൊട്ടടുത്ത സ്ഥാനത്ത് ഡെന്മാർക്കാണ് ഉള്ളത്.
ആദ്യ പത്തിൽ ഏഷ്യയിൽ നിന്ന് സിംഗപ്പൂരും (6), ജപ്പാനും (9) ഇടംനേടി. ആസ്ട്രിയ (5), പോർച്ചുഗൽ (7), സ്ലൊവേനിയ (8), സ്വിറ്റ്സർലൻഡ് (10) എന്നിങ്ങനെയാണ് സമാധാന പട്ടികയിലെ ആദ്യ സ്ഥാനക്കാർ. ലോകത്താകമാനമുള്ള 163 രാജ്യങ്ങളെ ഉള്‍കൊള്ളിച്ചാണ് ഈ പട്ടിക തയ്യാറാക്കിയിരിക്കുന്നത്. രാജ്യത്തെ സാമൂഹിക സുരക്ഷയും സുരക്ഷിതത്വവും ആഭ്യന്തരവും അന്തര്‍ദേശീയവുമായ സംഘര്‍ഷങ്ങള്‍, സൈനികവത്കരണം എന്നീ മാദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ പട്ടിക തയ്യാറാക്കിയിരിക്കുന്നത്.
അതേസമയം, സമാധാനത്തിന്‍റെ കാര്യത്തിൽ ലോകരാജ്യങ്ങളിൽ 126-ാം സ്ഥാനത്താണ് ഇന്ത്യയുള്ളത്. പാക്കിസ്തന്‍ 146-ാം സ്ഥാനത്തേക്കും പിന്തള്ളപ്പെട്ടു. ഏറ്റവും സമാധാനം കുറഞ്ഞ രാജ്യം താലിബാന്‍ ഭരണം നടത്തുന്ന അഫ്ഗാനിസ്താനാണ്. യെമൻ, സിറിയ, സൗത്ത് സുഡാൻ എന്നിവയാണ് സമാധാനപട്ടികയിൽ അഫ്ഗാന് തൊട്ടുമുകളിലുണ്ട്.