ആഗോളതാപനത്തിന്റെ ഫലമായി 2050-ഓടെ സമുദ്രനിരപ്പ് ഉയരുമെന്ന് അമേരിക്കയിലെ ക്ലൈമറ്റ് സെന്‍ട്രലിന്റെ പഠന റിപ്പോര്‍ട്ട്. സമുദ്രനിരപ്പ് ഉയരുന്നതോടെ കേരളത്തിലെ നാലു ജില്ലകളിലെ തീരപ്രദേശങ്ങള്‍ കടലെടുക്കുമെന്നും പഠന റിപ്പോര്‍ട്ടിൽ പറയുന്നു. ക്ലൈമറ്റ് സെന്‍ട്രല്‍ ആഗോളതലത്തില്‍ നടത്തിയ പഠനത്തിന്‍ന്റെ വെളിച്ചത്തിലാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്.
“കോട്ടയം, തൃശൂര്‍, ആലപ്പുഴ, എറണാകുളം എന്നീ ജില്ലകളിലെ തീരപ്രദേശമേഖലകള് കടലെടുക്കുമെന്നാണ് ക്ലൈമറ്റ് സെന്‍ട്രല്‍ സൂചിപ്പിക്കുന്നത്. കാലാവസ്ഥാ വ്യതിയാനം മൂലം 2050 ആകുമ്പോളേക്കും സമുദ്രനിരപ്പ് ഒരു മീറ്ററോളം ഉയരാന്‍ സാധ്യതയുള്ളതാണ് ഇതിനു കാരണം. ഇതേ തുടര്‍ന്ന് ഈ ജില്ലകളില്‍ പ്രകടമായ മാറ്റങ്ങളുണ്ടാകും” – ക്ലൈമറ്റ് സെന്‍ട്രല്‍ പുറത്തുവിട്ട റിപ്പോര്‍ട്ടിനെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. തീരപ്രദേശങ്ങളായ കുട്ടനാട്, കൊച്ചി, വൈക്കം തുടങ്ങിയ മേഖലകളും തൃശൂര്‍ ജില്ലയിലെ പേരമംഗലം, പുരനാട്ടുകര, അരിമ്പൂര്‍, പറക്കാട്, മണക്കൊടി, കൂര്‍ക്കഞ്ചേരി മേഖലകളും കോട്ടയം ജില്ലയിലെ പല മേഖലകളും തലയാഴം, ബ്രഹ്മമംഗലം എന്നീ പ്രദേശങ്ങളും കടലെടുക്കുമെന്നാണ് പുതിയ റിപ്പോര്‍ട്ടില്‍ കാണിക്കുന്നത്. അന്റാര്‍ട്ടിക്കയില്‍ മഞ്ഞുരുകുന്നതാണ് സമുദ്രനിരപ്പ് ഉയരുന്നതിനുള്ള പ്രധാന കാരണമെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.
ന്യൂജേഴ്സി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സയന്‍സ് ഓര്‍ഗനൈസേഷനാണ് ക്ലൈമറ്റ് സെന്‍ട്രല്‍. ഇത് നടത്തിയ ന്യൂ ഡിജിറ്റല്‍ എലവേഷന്‍ മോഡലിലാണ് കേരളത്തിലെ തീരപ്രദേശങ്ങളും കടലെടുക്കുമെന്ന് പ്രവചിച്ചത്. നിലവില്‍ അസാധാരണമായ അതിതീവ്ര മഴ കാണപ്പെടുന്ന കേരളത്തിന്റെ പല പ്രദേശങ്ങളെയും കടലേറ്റം രൂക്ഷമായി ബാധിക്കും. മാപ്പ് പ്രൊജക്ഷന്പ്രകാരം നാലു ജില്ലകളിലെയും ബീച്ചുകള്‍ മുഴുവന്‍ കടലെടുക്കുമെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.