Monday, November 25, 2024

ചുട്ടുപൊള്ളി ഭൂമി; ആദ്യമായി ആഗോളതാപന പരിധി പിന്നിട്ടേക്കാമെന്ന മുന്നറിയിപ്പുമായി ലോക കാലാവസ്ഥാ സംഘടന

അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ആഗോള താപനില റെക്കോർഡുകൾ ഭേദിക്കുമെന്നു മുന്നറിയിപ്പ് നൽകി ലോക കാലാവസ്ഥാ സംഘടന. കാലാവസ്ഥാ പ്രതിഭാസമായ എൽ നിനോ കാലാവസ്ഥാ വ്യതിയാനവുമായി കൂടിച്ചേർന്ന് ആഗോളതാപനില വർധിക്കാൻ സാധ്യതയുണ്ടെന്നാണ് ലോക കാലാവസ്ഥാ സംഘടന പുറത്തുവിട്ട റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. അടുത്തയാഴ്ച സ്വിറ്റ്‌സർലൻഡിലെ ജനീവയിൽ നടക്കുന്ന ലോക കാലാവസ്ഥാ കോൺഗ്രസിന് മുന്നോടിയായാണ് റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്.

2015 ലെ പാരീസ് ഉടമ്പടി പ്രകാരം ആഗോള താപനില 1.5 ഡിഗ്രി സെൽഷ്യസായി പരിമിതപ്പെടുത്താനുള്ള ശ്രമങ്ങൾ തുടരുമെന്ന് ലോകരാജ്യങ്ങൾ പ്രതിജ്ഞ ചെയ്തിരുന്നു. 2015നും 2022നും ഇടയിലായിരുന്നു ഇതുവരെ രേഖപ്പെടുത്തിയിട്ടുള്ളതിൽ വച്ച് ഏറ്റവും ചൂടേറിയ വർഷങ്ങൾ. അതിനേക്കാൾ ഉയർന്ന താപനിലയായിരിക്കും അടുത്ത അഞ്ച് വർഷങ്ങൾക്കുള്ളിൽ ഉണ്ടാകുകയെന്നാണ് മുന്നറിയിപ്പ്.

അടുത്ത അഞ്ച് വർഷം താപനില 1.1C മുതൽ 1.8C വരെ ഉയർന്നേക്കും. വരാനിരിക്കുന്ന എൽ നിനോ കാലാവസ്ഥാ പ്രതിഭാസവും മനുഷ്യ പ്രേരിത കാലാവസ്ഥാ വ്യതിയാനവുമായി സംയോജിച്ച് ആഗോളതാപനില ഇതുവരെ കാണാനാകാത്ത തരത്തിലേക്കുള്ള അത്യുഷ്ണത്തിലേക്ക് എത്തിക്കുമെന്നാണ് ഗവേഷകർ ചൂണ്ടിക്കാട്ടുന്നത്.

2020 മുതൽ താപനിലപരിധി ലംഘിക്കപ്പെടുമെന്ന് ലോക കാലാവസ്ഥാ സംഘടന മുന്നറിയിപ്പ് നൽകിയിരുന്നു. അടുത്ത അഞ്ച് വർഷങ്ങളിൽ 1.5 ഡിഗ്രി സെൽഷ്യസ് കടക്കാൻ 20 ശതമാനത്തിൽ താഴെ സാധ്യതയുണ്ടെന്നായിരുന്നു ആദ്യ മുന്നറിയിപ്പ്. എന്നാൽ കഴിഞ്ഞ വർഷം ഇത് 50 ശതമാനമായും ഇപ്പോൾ 66 ശമാനമായുമാണ് വർദ്ധിച്ചിരിക്കുന്നത്.

Latest News