കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ഫ്ളൈറ്റ് റദ്ദാക്കല്‍ വീണ്ടും നീട്ടി ഗോ ഫസ്റ്റ് എയര്‍ലൈന്‍സ്. ജൂലൈ 10 വരെയുള്ള എല്ലാ വിമാന സര്‍വീസുകളും റദ്ദാക്കിയതായി വൃത്തങ്ങള്‍ അറിയിച്ചു. പാപ്പരത്വ പരിഹാര പ്രക്രിയക്ക് വിധേയമായ എയര്‍ലൈന്‍, മെയ് മൂന്നു മുതല്‍ സര്‍വീസുകള്‍ റദ്ദാക്കിയിരുന്നു.
നേരത്തെ ജൂണ്‍ 28 വരെയാണ് ഗോ ഫസ്റ്റ് വിമാനങ്ങള്‍ റദ്ദാക്കിയിരുന്നത്. ഫ്ളൈറ്റ് റദ്ദാക്കല്‍ മൂലമുണ്ടായ അസൗകര്യത്തില്‍ ക്ഷമ ചോദിക്കുന്നതായും യാത്രാതടസ്സം നേരിട്ടവര്‍ക്ക് ആവശ്യമായ സഹായം നല്‍കുമെന്നും എയര്‍ലൈന്‍സ് പ്രസ്താവനയിറക്കി. ടിക്കറ്റ് ബുക്ക് ചെയ്ത യാത്രക്കാര്‍ക്ക് മുഴുവന്‍ പണവും മടക്കിനല്‍കുമെന്നും പ്രതിസന്ധികള്‍ കമ്പനി ഉടനടി പരിഹരിക്കുമെന്നും പുനരുജ്ജീവനത്തിനായി അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ടെന്നും ഗോ ഫസ്റ്റ് വ്യക്തമാക്കി. ഉടന്‍ തന്നെ ബുക്കിംഗ് പുനരാരംഭിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയും ഗോ ഫസ്റ്റ് ഇതിനോടൊപ്പം പങ്കുവച്ചു. മെയ് ആദ്യം എയര്‍ലൈന്‍ ഓപ്പറേറ്റര്‍ സ്വമേധയാ, പാപ്പരത്വത്തിന് അപേക്ഷ നല്‍കിയിരുന്നു. അതിനു ശേഷമാണ് പ്രവര്‍ത്തനങ്ങള്‍ സ്തംഭിച്ചത്.
ഇതേ തുടര്‍ന്ന് ജൂണ്‍ അവസാനത്തോടെ എയര്‍ലൈന്‍സിന് പ്രവര്‍ത്തനം പുനരാരംഭിക്കാന്‍ കഴിയുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും വീണ്ടും റദ്ദാക്കലിലേക്ക് കടക്കുകയായിരുന്നു. എയർലൈന്‍സിന്റെ പ്രവര്‍ത്തനങ്ങള്‍ എന്ന് പുനഃരാരംഭിക്കാൻ കഴിയുമെന്ന കാര്യത്തിൽ വ്യക്തതയില്ല. അതേസമയം, രണ്ടു വര്‍ഷം മുമ്പ് ഗോ ഫസ്റ്റ് എന്ന് പുനര്‍നാമകരണം ചെയ്ത ഗോ എയര്‍ എയര്‍ലൈനാണ്, ഇന്ത്യന്‍ വ്യോമയാന വിപണിയുടെ 6.4 ശതമാനവും നിയന്ത്രിക്കുന്നത്. സമീപകാല നഷ്ടങ്ങള്‍ക്കിടയിലും ഗോ ഫസ്റ്റിന് ഇപ്പോഴും 500-ലധികം പൈലറ്റുമാര്‍ ഉണ്ടെന്നാണ് കണക്കുകള്‍.