ഗോവയിലെ രണ്ടാമത്തെ അന്താരാഷ്ട്ര വിമാനത്താവളം മോപ്പയിൽ ഇന്ന് ഉദ്‌ഘാടനം ചെയ്യും. ഇന്ന് വൈകുന്നേരം അഞ്ച് മണിക്കു നടക്കുന്ന ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്‌ഘാടന കർമ്മം നിർവഹിക്കും. 2,870 കോടി രൂപ ചെലവിൽ നിർമ്മിച്ച ഈ വിമാനത്താവളം ജനുവരി അഞ്ചു മുതൽ പ്രവർത്തനമാരംഭിക്കും.
2016 നവംബറിൽ ആണ് മോപ്പ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ തറക്കല്ലിടൽ പ്രധാനമന്ത്രി നിർവഹിച്ചത്. ഗോവയിലെ രണ്ടാമത്തെ വലിയ വിമാനത്താവളമാണിത്. സോളാർ പവർ പ്ലാന്റ്, ഹരിത കെട്ടിടങ്ങൾ, റൺവേയിൽ എൽഇഡി ലൈറ്റുകൾ, മഴവെള്ള സംഭരണം, അത്യാധുനിക മാലിന്യ സംസ്‌കരണം എന്നീ സൗകര്യങ്ങൾ ഇവിടെയുണ്ട്. കൂടാതെ റീസൈക്ലിംഗ് സൗകര്യങ്ങളുള്ള പ്ലാന്റും ഈ വിമാനത്താവളത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നു.
ലോകത്തിലെ ഏറ്റവും വലിയ വിമാനം കൈകാര്യം ചെയ്യാൻ ശേഷിയുള്ള റൺവേ, 14 പാർക്കിംഗ് ബേകൾ സഹിതം രാത്രി പാർക്കിംഗ് സൗകര്യം, സെൽഫ് ബാഗേജ് ഡ്രോപ്പ് സൗകര്യങ്ങൾ, അത്യാധുനിക, സ്വതന്ത്ര എയർ നാവിഗേഷൻ ഇൻഫ്രാസ്ട്രക്ചർ തുടങ്ങി നിരവധി സൗകര്യങ്ങളും വിമാനത്താവളത്തിലുണ്ട്. വിനോദ സഞ്ചാര മേഖലയിൽ മോപ്പ വിമാനത്താവളത്തിന്റെ വരവ് വലിയ മാറ്റങ്ങൾ സൃഷ്ടിക്കും എന്നാണ് പ്രതീക്ഷ.