Thursday, April 3, 2025

കൊച്ചു കൊച്ചു കാര്യങ്ങളിലൂടെ മഹത്തരമായ ‘ഗോഡ് ഓഫ് സ്മോള്‍ തിംഗ്സ്’

കേരളത്തിലെ കോട്ടയത്തിനടുത്തുള്ള അയ്മനം എന്ന ഗ്രാമം പശ്ചാത്തലമാക്കി അരുന്ധതി റോയ് എഴുതിയ നോവലാണ്, 1997 ലെ ബുക്കര്‍ പുരസ്‌കാരം കരസ്ഥമാക്കിയ ‘ദ ഗോഡ് ഓഫ് സ്മോള്‍ തിംഗ്സ’്. അരുന്ധതി റോയിയുടെ പ്രസിദ്ധീകരിക്കപ്പെട്ട ആദ്യ നോവലാണിത്. ആ വര്‍ഷം ലോകത്തിലേറ്റവും കൂടുതല്‍ വിറ്റഴിഞ്ഞ കൃതികളിലൊന്നായിരുന്നു ഇത്. നോവല്‍ പ്രസിദ്ധീകരിച്ച് അഞ്ചു മാസത്തിനുള്ളില്‍ തന്നെ 3,50,000 ത്തിലധികം കോപ്പികള്‍ ലോകമെമ്പാടും വിറ്റഴിഞ്ഞു. 24 ഭാഷകളിലേയ്ക്ക് നോവല്‍ തര്‍ജ്ജമ ചെയ്യപ്പെട്ടു.

അയ്മനം എന്ന ഗ്രാമത്തിലെ ഒരു പ്രശസ്തമായ സിറിയന്‍ ക്രിസ്ത്യാനി കുടുംബത്തിന്റെയും അവരുമായി ബന്ധപ്പെട്ട് ജീവിക്കുന്നവരുടേയും കഥയാണ് തന്റെ ആദ്യ നോവലില്‍ അരുന്ധതി റോയി പറഞ്ഞിരിക്കുന്നത്. റാഹേല്‍, എസ്ത എന്നീ ഇരട്ടകള്‍ ഇരുപത്തിമൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം അയ്മനത്ത് ഒന്നിക്കുന്നതില്‍ ആരംഭിക്കുന്ന നോവല്‍ അവരുടെ ബാല്യത്തിലേക്കും വര്‍ത്തമാനത്തിലേക്കും തലങ്ങള്‍ മാറി മാറി സഞ്ചരിക്കുന്നു. ഇവരുടെ ജീവിതത്തിലെ സംഭവവികാസങ്ങളിലൂടെ നീങ്ങുന്ന കഥാതന്തു 1969 മുതല്‍ 1993 വരെയുള്ള കാലഘട്ടത്തില്‍ സംഭവിക്കുന്നവയാണ്. സംഭവങ്ങളുടെ നേര്‍രേഖയിലുള്ള യാത്രയായല്ല ഈ നോവല്‍ എഴുതപ്പെട്ടിരിക്കുന്നത്. പഴയതും പുതിയതും തമ്മില്‍ ഇടചേര്‍ന്ന രീതിയിലാണ് നോവല്‍ മുന്നേറുന്നത്. ഒരു സാധാരണ കഥയെ അസാധാരണമായ എഴുത്ത് ശൈലി കൊണ്ടാണ് അരുന്ധതി റോയി വ്യത്യസ്തമാക്കിയിരിക്കുന്നത്.

കോട്ടയത്തെ അയ്മനം ഗ്രാമവും മീനച്ചിലാറും ഇതിലെ പ്രധാന കഥാപാത്രങ്ങളാണ്. നാട്ടിന്‍പുറത്തിന്റെ എല്ലാ നിഷ്‌ക്കളങ്കതയും നെഞ്ചേറ്റിയ നോവല്‍. വലിയൊരു തറവാടിന്റെ അകത്തളത്തിലെ ജീവിതവും തൊട്ടുകൂടായ്മയും, രാഷ്ട്രീയം, സ്ത്രീയ്ക്ക് നിരോധിക്കപ്പെട്ട പിതൃസ്വത്ത് എന്നുവേണ്ട സമൂഹത്തിന്റെ നേര്‍ചിത്രമായി വളരുന്നു നോവല്‍. അന്നത്തെയും എന്നത്തെയും രാഷ്ട്രീയ ചിന്താഗതികളും ചിന്തയ്ക്കായ് ഇതില്‍ ചേര്‍ക്കപ്പെട്ടിരിക്കുന്നു.

ഇംഗ്ലീഷിന്റെ അതിരുകളില്‍ നിന്നുകൊണ്ടു തന്നെ ധാരാളം മലയാളം വാക്കുകള്‍ ഉപയോഗിച്ചാണ് അരുന്ധതി റോയ് നോവല്‍ എഴുതിയിരിക്കുന്നത്. ഒരേ സമയം ലളിതവും വിശദവുമായ ആഖ്യാനവും വര്‍ണനയുമാണ് ഈ നോവലിന് വേറിട്ട വായനാനുഭവം സമ്മാനിക്കുന്നത്. നിറങ്ങളുടേയും മണങ്ങളുടേയും ശരീരത്തിന്റേയും വികാരങ്ങളുടേയും കൊച്ചു കൊച്ചു വിവരണങ്ങള്‍ നോവലിനെ മഹത്തരമാക്കുന്നു.

 

Latest News