Saturday, February 1, 2025

കുതിച്ചുയര്‍ന്ന് സ്വര്‍ണവില; ഒറ്റയടിക്ക് കൂടിയത് 1,040 രൂപ

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍വര്‍ധന. ഇന്ന് മാത്രം സ്വര്‍ണം ഗ്രാമിന് 130 രൂപയും പവന് 1040 രൂപയും ഉയര്‍ന്ന് ഗ്രാമിന് 5,070 രൂപയും പവന് 40,562 രൂപയുമായി.

ജനുവരിയിലെ 35,920 നിലവാരവുമായി താരതമ്യം ചെയ്യുമ്പോള്‍ രണ്ടുമാസത്തിനിടെ 4640 രൂപയുടെ വര്‍ധനവാണുണ്ടായത്. അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവില ട്രോയ് ഔണ്‍സിന് 2056 ഡോളറായി ഉയര്‍ന്നു. ഒന്നര വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന വിലയാണിത്.

രൂപ കൂടുതല്‍ ദുര്‍ബലമായി 76.99ലേക്ക് എത്തിയതോടെയാണ് സ്വര്‍ണവില കുതിച്ചുകയറിയത്. റഷ്യ – യുക്രെയ്ന്‍ സംഘര്‍ഷം തുടരുന്നതിനാല്‍ രാജ്യാന്തര വിപണിയില്‍ വിലകൂടിയതാണ് രാജ്യത്തെ വിലവര്‍ധനയ്ക്കും കാരണം. ഈ സ്ഥിതി തുടര്‍ന്നാല്‍ സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും ഉയരുമെന്ന് വിദഗ്ധര്‍ ആഭിപ്രായപ്പെട്ടു.

2020 ഓഗസ്റ്റ് ഏഴിനായിരുന്നു സമീപകാലത്ത് സ്വര്‍ണത്തിന് ഏറ്റവും ഉയര്‍ന്ന വില രേഖപ്പെടുത്തിയത്. അന്ന് ഗ്രാമിന് 5,250 രൂപയും പവന് 42,000 രൂപയുമായിരുന്നു. വന്‍കിട നിക്ഷേപകര്‍ വീണ്ടും വന്‍തോതില്‍ സ്വര്‍ണം വാങ്ങിക്കൂട്ടുന്ന പ്രവണതയും വിപണിയില്‍ നിലനില്‍ക്കുന്നു.

Latest News