Sunday, November 24, 2024

ഭൂകമ്പ മുന്നറിയിപ്പ് നല്‍കുന്ന സംവിധാനം അവതരിപ്പിച്ച് ഗൂഗിള്‍

ഭൂകമ്പ മുന്നറിയിപ്പ് നൽകുന്ന സംവിധാനം ഇന്ത്യയിൽ അവതരിപ്പിച്ച് ഗൂഗിൾ. നാഷണൽ ഡിസാസ്റ്റർ മാനേജ്‌മെന്റ് അതോറിറ്റി, ഭൗമശാസ്ത്ര മന്ത്രാലയത്തിന്റെ നാഷണൽ സെന്റർ ഫോർ സിസ്മോളജി എന്നിവയുമായി സഹകരിച്ചാണ് സംവിധാനം ഒരുക്കിയത്. ഒരു ബ്ലോഗ്പോസ്‌റ്റിലൂടെയാണ് പുതിയ സംവിധാനം ആരംഭിച്ചതായി ഗൂഗിൾ അറിയിച്ചത്.

ഭൂകമ്പ സമയത്ത് മുൻകൂർ മുന്നറിയിപ്പുകൾ ലഭിക്കുന്നത് ജീവനും സ്വത്തും സംരക്ഷിക്കുന്നതിനും പുതിയ സംവിധാനം നിർണായകമാകുമെന്നാണ് ഗുഗിളിന്റെ വാദം. പ്ലഗ്-ഇൻ ചെയ്‌തതും ചാർജ് ചെയ്യുന്നതുമായ ആൻഡ്രോയിഡ് ഫോൺ ഭൂകമ്പത്തിന്റെ പ്രാരംഭ ഭൂചലനങ്ങൾ കണ്ടെത്തുമ്പോൾ, അത് ഒരു സെൻട്രൽ സെർവറിലേക്ക് അയയ്‌ക്കുന്നുവെന്ന് ഗൂഗിൾ പറയുന്നു. ഒരേ പ്രദേശത്തുള്ള ഒന്നിലധികം ഫോണുകൾ സമാനമായ രീതിയിൽ ചലനങ്ങൾ കണ്ടെത്തുകയാണെങ്കിൽ, ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രവും വ്യാപ്‌തിയും ഉൾപ്പെടെയുള്ള സവിശേഷതകൾ സെർവറിന് കണക്കാക്കാനാകും.

തുടർന്ന്, സമീപത്തുള്ള ആൻഡ്രോയിഡ് ഉപകരണങ്ങളിലേക്ക് ഇത് അതിവേഗം അലർട്ടുകൾ അയയ്ക്കുന്നു. ഈ അലർട്ടുകൾ ഇൻറർനെറ്റിലൂടെ അതിവേഗം കൈമാറുന്നു, കൂടുതൽ തീവ്രമായ ഭൂചലനത്തിന് മുന്നോടിയായി ഏതാനും സെക്കൻഡുകൾക്ക് മുമ്പ് പലപ്പോഴും ഉപയോക്താക്കളിലേക്ക് വിവരം കൈമാറാൻ കഴിയും.

Latest News