Wednesday, April 2, 2025

ഗൂഗിളിനെ ചൊടിപ്പിച്ച് ക്രോം വിൽക്കേണ്ടിവരുമെന്ന റിപ്പോർട്ടുകൾ: പ്രതികരണവുമായി കമ്പനി

ലോകത്തിലെ ഏറ്റവും ജനപ്രിയ വെബ് ബ്രൗസറായ ക്രോം (Chrome) വിൽക്കാൻ നിർബന്ധിതരായാൽ അത് ഉപഭോക്താക്കളെയും ബിസിനസുകളെയും ദോഷകരമായി ബാധിക്കുമെന്ന് ഗൂഗിൾ. ഇന്റർനെറ്റിലെ സെർച്ച് വിപണി, ഗൂഗിൾ നിയമവിരുദ്ധമായി തങ്ങളുടെ മാത്രം കുത്തകയാക്കിയെന്ന് ഓഗസ്റ്റിൽ യു. എസ്. ഫെഡറൽ ജഡ്ജ് അമിത് മേത്ത വിധിച്ചിരുന്നു.

ഇതിന്റെ അടിസ്ഥാനത്തിൽ, ഇന്റർനെറ്റ് സെർച്ച് വിപണിയിലെ കമ്പനിയുടെ കുത്തക ഇല്ലാതാക്കാൻ ഗൂഗിളിന്റെ ഉടമസ്ഥതയിലുള്ള ക്രോം ബ്രൗസർ വിൽക്കാൻ കമ്പനിയെ നിർബന്ധിതരാക്കാൻ യു. എസ്. നീതിന്യായ വകുപ്പ് ഉദ്യോഗസ്ഥർ ജഡ്ജിയോട് ആവശ്യപ്പെടാൻ പദ്ധതിയിടുന്നതാണ് ഗൂഗിളിനെ ചൊടിപ്പിച്ചത്.

യു. എസ്. ഡിപ്പാർട്ട്മെന്റ് ഓഫ് ജസ്റ്റിസ് (DOJ) ഉടൻ ജഡ്ജിയോട് ഗൂഗിളിനെതിരെയുള്ള നടപടി നിർദേശിക്കുമെന്നാണ് രാജ്യാന്തര വാർത്താമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. എന്നാൽ, DOJ റിപ്പോർട്ടുകളോട് ഇതുവരെ പ്രതികരിച്ചിട്ടില്ല. അതേസമയം, ഗൂഗിൾ ഇതിനെ ശക്തമായി എതിർക്കുകയും ചെയ്തു.

ഗൂഗിളിന്റെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ആൻഡ്രോയിഡ് ഓപ്പറേറ്റിംഗ് സിസ്റ്റം, ഡാറ്റയുടെ ഉപയോഗം എന്നിവയുമായി ബന്ധപ്പെട്ട് പുതിയ നടപടികളെടുക്കാൻ  ആവശ്യപ്പെടുമെന്നും റിപ്പോർട്ടുണ്ട്.

ലോകമെമ്പാടും ഏറ്റവുമധികം ആളുകൾ ഉപയോഗിക്കുന്ന ബ്രൗസറാണ് ക്രോം. ഒക്ടോബറിലെ കണക്കുകൾപ്രകാരം ക്രോമിന്റെ ആഗോളവിപണി വിഹിതം 64.61% ആണ്. ലോകത്തിലെ ഏറ്റവും വലിയ ടെക് കമ്പനികളിൽ ഒന്നിനെതിരെയുള്ള ഒരു പ്രധാന ഇടപെടലായാണ് മേഖലയിലെ വിദഗ്ദ്ധർ ഇതിനെ നോക്കിക്കാണുന്നത്.

Latest News