അടുത്ത ഘട്ടം മുതല്‍ ജീവനക്കാര്‍ തങ്ങളുടെ ‘ഡെസ്ക് സ്പെയ്സ്’ പങ്ക് വെക്കണമെന്ന പുതിയ തീരുമാനവുമായി ഗൂഗിള്‍. ഗൂഗിള്‍ ക്ലൗഡ് ഡിപ്പാര്‍ട്മെന്റിലെ ജീവനക്കാരാണ് സഹപ്രവര്‍ത്തകര്‍ക്ക് വേണ്ടി തങ്ങളുടെ ഡെസ്ക് സ്പെയ്സ് പങ്ക് വെക്കേണ്ടത്. തിരഞ്ഞെടുക്കപ്പെട്ട പ്രദേശങ്ങളിലെ ഓഫീസുകള്‍ അടയ്ക്കാന്‍ തീരുമാനിച്ചതിനെ തുടര്‍ന്നാണ് ഗൂഗിള്‍ ഇത്തരമൊരു തീരുമാനം എടുത്തതെന്ന് സിഎന്‍ബിസി റിപ്പോര്‍ട്ട് ചെയ്തു.
‘യുഎസ്, വാഷിങ്ടണ്‍, ന്യൂയോര്‍ക്, കാലിഫോര്‍ണിയ എന്നിവിടങ്ങളില്‍ ജോലി ചെയ്യുന്ന ജീവനക്കാരാണ് സ്ഥാപനത്തിന്റെ ഈ പുതിയ തീരുമാനം നടപ്പിലാക്കേണ്ടത്. ഇത് ഗൂഗിള്‍ ക്ലൗഡിന്റെ വളര്‍ച്ചയ്ക്ക് വേണ്ടിയാണ്. സഹപ്രവര്‍ത്തകര്‍ക്കൊപ്പം തൊഴില്‍ ഇടങ്ങള്‍ പങ്ക് വെക്കുന്നത് കൂടുതല്‍ കാര്യക്ഷമതയിലേക്ക് ജീവനക്കാരെ എത്തിക്കും എന്നാണ് ഗൂഗിള്‍ വിശ്വസിക്കുന്നത്.’, ഗൂഗിള്‍ ക്ലൗഡ് ജീവനക്കാര്‍ പറഞ്ഞതായി സിഎന്‍ബിസി റിപ്പോര്‍ട്ട് ചെയ്തു.
ഓഫീസില്‍ ഒരുമിച്ച് ഉദ്യോഗസ്ഥര്‍ പ്രവര്‍ത്തിക്കുന്നത് പുതിയ ആശയങ്ങള്‍ക്കും തൊഴില്‍ ഉല്ലാസത്തിനും സഹായിക്കും. സ്ഥിരമായി ഒരിടത്ത് ഇരുന്ന് തന്നെ ജോലി ചെയ്യുന്നത് പ്രത്യേകിച്ച് ഗുണങ്ങള്‍ നല്‍കില്ല. എന്നും ഒരേ ഡെസ്ക് സ്പെയ്സ് തിരഞ്ഞെടുക്കാതെ ജീവനക്കാര്‍ മാറി ഇരിക്കണം. ഗൂഗിള്‍ ജീവനക്കാര്‍ക്ക് നല്കിയ കുറിപ്പില്‍ വ്യക്തമാക്കുന്നു.