Wednesday, April 2, 2025

സെന്‍ നദിയിലെ ഒളിംപിക്സ് ആവേശത്തോടൊപ്പം ഗൂഗിളും

പാരീസിലെ സെന്‍ നദിയിലെ ഒളിംപിക്സ് ആവേശത്തോടൊപ്പം നീന്തിത്തുടിച്ച് ഗൂഗിളും. ഒളിംപിക്സ് ഉദ്ഘാടന ദിവസത്തില്‍ ആനിമേറ്റഡ് കഥാപാത്രങ്ങള്‍ നദിയിലൂടെ ഒഴുകുന്നതായുള്ള ഡൂഡിലാണ് ഗൂഗിള്‍ സെര്‍ച്ച് എന്‍ജിന്‍ അവതരിപ്പിച്ചത്. പാരീസ് ഒളിംപിക്സ് ഗെയിംസിനെ നിര്‍വചിക്കുന്ന തരത്തിലാണ് ഗൂഗിള്‍ ഡൂഡിലിന്റെ രൂപകല്പന. സെന്‍ നദിയുടെ കിഴക്കന്‍ ഭാഗമായ ഓസ്ട്രലിറ്റ്‌സ് പാലത്തിന് സമീപത്തുനിന്ന് താരങ്ങളെ നദിയിലൂടെ നൗകകളിലായി ഉദ്ഘാടന വേദിയിലെത്തിക്കാനാണ് പദ്ധതി.

സ്റ്റേഡിയത്തിന് പുറത്ത് ചരിത്രത്തിലാദ്യമായി അരങ്ങേറുന്ന ഉദ്ഘാടന ചടങ്ങില്‍ ഫ്രഞ്ച് സംസ്‌കാരവും പുതിയ കാലത്തിന്റെ പുത്തന്‍ രീതികളും നിറഞ്ഞു നില്‍ക്കും. 10,500 അത്ലറ്റുകള്‍ നൂറോളം നൗകകളിലാണ് അണിനിരക്കുക. ഇന്ത്യന്‍ സമയം ഇന്ന് രാത്രി 11 മണിക്കാണ് ചടങ്ങുകള്‍ക്ക് തുടക്കമാവുക. പഴയ പാലങ്ങള്‍ക്കടിയിലൂടെയും പ്രശസ്തമായ കെട്ടിടങ്ങള്‍ക്കും അരികിലൂടെയുള്ള നദിയിലൂടെ നൗകകള്‍ പല വര്‍ണ്ണങ്ങളിലും കൊടികളിലും നീന്തി നീങ്ങുന്നത് മനോഹര കാഴ്ചയാകും സമ്മാനിക്കുക.

സെന്‍ നദിയിലൂടെ മത്സരാര്‍ത്ഥികളെ വഹിച്ചുകൊണ്ടുള്ള യാത്രയാണ് ഗൂഗിള്‍ ഡൂഡിലില്‍ ആനിമേഷന്‍ രൂപത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്. അത്‌ലറ്റുകളായിട്ടാണ് ആനിമേറ്റഡ് കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ഇവ സെന്‍ നദിയിലൂടെ ഒഴുകുന്നതാണ് ചിത്രം. ഡൂഡിലില്‍ ക്ലിക്ക് ചെയ്യുന്നതോടെ നേരിട്ട് പാരിസ് ഒളിംപിക്സ് സംബന്ധിച്ച വിവരങ്ങളിലേക്ക് ഗൂഗിള്‍ ഡൂഡിലിലെത്തിക്കും.

 

Latest News