ഇന്ത്യക്കാരനായ ഗോപീചന്ദ് തൊടുകുറ ഉള്‍പ്പെടെ ആറ് വിനോദസഞ്ചാരികളുമായി ബ്ലൂ ഒറിജിന്റെ ‘എന്‍.എസ്-25’ ദൗത്യം ഞായറാഴ്ച ബഹിരാകാശത്തു പോയിവന്നു. ആന്ധ്രപ്രദേശ് വിജയവാഡ സ്വദേശിയാണ് ഗോപീചന്ദ്. ടെക്‌സസിലെ വാന്‍ ഹോണിലുള്ള ബ്ലൂ ഒറിജിന്റെ ബഹിരാകാശകേന്ദ്രത്തില്‍നിന്ന് ഇന്ത്യന്‍സമയം രാത്രി 8.06-നായിരുന്നു വിക്ഷേപണം.
വിക്ഷേപിച്ച് അല്പസമയത്തിനകം ജെല്ലിമിഠായിയുടെ ആകൃതിയിലുള്ള പേടകം റോക്കറ്റില്‍നിന്ന് വിച്ഛേദിക്കപ്പെട്ടു. പിന്നീടത് സഞ്ചാരികളെയുംകൊണ്ട് ഭൂമിയുടെ അന്തരീക്ഷത്തില്‍ 105.7 കിലോമീറ്റര്‍ ഉയരത്തില്‍വരെ സഞ്ചരിച്ചു. അന്തരീക്ഷത്തെയും ബഹിരാകാശത്തെയും വേര്‍തിരിക്കുന്ന കര്‍മാന്‍രേഖ മറികടന്നു. പിന്നീട് പേടകം ഭൂമിയിലേക്ക് മടങ്ങി.
ദൗത്യം വിജയിച്ചതോടെ ഇന്ത്യക്കാരനായ ആദ്യ ബഹിരാകാശ വിനോദസഞ്ചാരി എന്നനേട്ടം ഗോപിക്കു സ്വന്തമായി. ആമസോണ്‍ സ്ഥാപകന്‍ ജെഫ് ബെസോസിന്റെ കമ്പനിയാണ് ബ്ലൂ ഒറിജിന്‍. മനുഷ്യരെയുംകൊണ്ടുള്ള കമ്പനിയുടെ ഏഴാം ബഹിരാകാശദൗത്യമാണിത്. പേടകം വഹിച്ച ന്യൂഷെപ്പേഡ് റോക്കറ്റിന്റെ 25-ാം ദൗത്യവും. ഇതോടെ ബ്ലൂ ഒറിജിനില്‍ ബഹിരാകാശയാത്ര നടത്തുന്ന സഞ്ചാരികളുടെ എണ്ണം 37 ആയി. പരമാവധി 6 പേര്‍ക്ക് ഇരിക്കാവുന്നതാണ് ന്യൂഷെപാഡ് പേടകം.