Monday, November 25, 2024

ഗോപിനാഥ് മുതുകാട് ഏഞ്ചൽസ് ആർട്ട് ഗാലറി ഉത്ഘാടനം ചെയ്തു 

മജീഷ്യനും മോട്ടിവേഷണൽ സ്പീക്കറുമായ ഗോപിനാഥ് മുതുകാട്, കുടമാളൂർ സംപ്രീതിയിലെ ‘ഏഞ്ചൽസ് ആർട്ട് ഗാലറി’യുടെ ഉത്ഘാടനം നിർവഹിച്ചു. സംപ്രീതിയിലെ 20 മാലാഖമാർ കോവിഡ് കാലത്തു വരച്ച നാനൂറോളം ചിത്രങ്ങളാണ് സംപ്രീതിയിലെ ആർട്ട് ഗാലറിയിൽ ഉള്ളത്.

മരണഭയം വലുപ്പചെറുപ്പമെന്യേ ഏവരെയും ഗ്രസിച്ച കാലഘട്ടമായിരുന്നു കൊറോണക്കാലം. സ്‌കൂളുകളും തൊഴിലിടങ്ങളും യാത്രയും ബന്ധങ്ങളും മുടങ്ങിയ കാലമായിരുന്നു അത്. ഈ കാലഘട്ടത്തിൽ മറ്റേതു വിഭാഗം ആളുകളെക്കാളും പ്രതിസന്ധികൾ അനുഭവിച്ചവരായിരുന്നു ബുദ്ധിവികാസം പൂർണ്ണമാകാത്ത ഇവിടുത്തെ മാലാഖജീവിതങ്ങളും അവരുടെ മാതാപിതാക്കളും. കാരണം, അവർക്ക് അവരുടെ സ്‌കൂളിൽ പോകാനോ, കൂട്ടുകാരെ കാണാനോ സാധിക്കില്ലായിരുന്നു. ഇവരെ സന്ദർശിക്കാൻ മറ്റാർക്കും എത്തിച്ചേരാനും സാധിക്കുമായിരുന്നില്ല. ആ ഒരു പ്രതിസന്ധിയെ മറികടക്കാനായിരുന്നു അവർ ചിത്രങ്ങൾ വരച്ചു തുടങ്ങിയത്.

“നിറഭേദങ്ങൾ പോലും തിരിച്ചറിയാത്തവരാണെങ്കിലും ദൈവത്തിന്റെ ഈ മാലാഖമാർ മനോഹരമായി നിറം ചാർത്തിയ കാലമായിമാറി കൊറോണ നാളുകൾ. സ്നേഹിക്കാൻ വലിയ ഹൃദയമുണ്ടെങ്കിലും വലിയ സ്വപ്‌നങ്ങൾ നെയ്യാനാവാത്തവരുടെ കൊച്ചുകൊച്ചു സ്വപ്‌നങ്ങൾ വർണ്ണ ചക്രവാളങ്ങളിലേക്കു ചിറകുവിരിച്ച കാലമായി അതു മാറി. ഈ വർണ്ണവിസ്മയങ്ങൾക്ക് നൂറുമടങ്ങ് പകിട്ടേകുവാൻ മുതുകാടുസാറിന്റെ സാന്നിദ്ധ്യവും വാക്കുകളും ഇടയാക്കി.” ഡയറക്റ്റർ ഫാ. റ്റിജോ മുണ്ടുനടയ്ക്കൽ പറഞ്ഞു.

എംസിബിഎസ് സന്യാസ സമൂഹത്തിന്റെ നേതൃത്വത്തിലാണ് കുടമാളൂരുള്ള സംപ്രീതി (An Abode of Angels on Earth) എന്ന സ്ഥാപനം നടത്തപ്പെടുന്നത്.

Latest News