ജപ്പാന്റെ ചാന്ദ്രഗവേഷണ പേടകം ഒരാഴ്ചയ്ക്കുശേഷം ദൗത്യം ആരംഭിച്ചു. സൗരോര്‍ജ സെല്ലുകള്‍ പ്രവര്‍ത്തിക്കാതിരുന്ന പശ്ചാത്തലത്തില്‍ പേടകത്തിന്റെ പ്രവര്‍ത്തനം നിര്‍ത്തിവച്ചിരിക്കുകയായിരുന്നു.
സ്മാര്‍ട്ട് ലാന്‍ഡര്‍ ഫോര്‍ ഇന്‍വെസ്റ്റിഗേറ്റിംഗ് മൂണ്‍ (സ്ലിം) എന്ന പേടകം ഈ മാസം 20നാണു ചന്ദ്രനിലിറങ്ങിയത്. ചന്ദ്രനില്‍ വിജയകരമായി പേടകമിറക്കുന്ന അഞ്ചാമത്തെ രാജ്യമെന്ന ബഹുമതി ഇതോടെ ജപ്പാന്‍ സ്വന്തമാക്കി.
എന്നാല്‍, പേടകത്തിലെ സോളാര്‍ പാനലുകള്‍ സൂര്യനു നേര്‍ക്കു വരാതിരുന്നത് പ്രശ്‌നമായി. പാനലുകള്‍ സൂര്യനു നേര്‍ക്കു വരുന്നതുവരെ പ്രവര്‍ത്തനം നിര്‍ത്തിവച്ചു. ദിശമാറ്റത്തിലൂടെ പ്രശ്‌നം പരിഹരിക്കപ്പെട്ടതോടെയാണു വീണ്ടും ഉണരാനുള്ള കമാന്‍ഡ് പേടകത്തിനു നല്കിയത്. ഞായറാഴ്ച രാത്രി പേടകവുമായി ബന്ധം പുനഃസ്ഥാപിച്ചതായി ജാപ്പനീസ് വൃത്തങ്ങള്‍ പറഞ്ഞു. 14 ദിവസത്തെ ആയുസാണു പേടകത്തിനു കണക്കാക്കുന്നത്.