രാജ്യവിരുദ്ധ ഉള്ളടക്കത്തെ തുടര്‍ന്ന് ഒരു വാര്‍ത്താ വെബ്സൈറ്റ് ഉള്‍പ്പെടെ 22 യൂട്യൂബ് ചാനലുകള്‍ക്ക് വിലക്കേര്‍പ്പെടുത്തി കേന്ദ്ര സര്‍ക്കാര്‍. വാര്‍ത്താ വിതരണ മന്ത്രാലയത്തിന്റെ നിര്‍ദേശപ്രകാരമാണ് കേന്ദ്രസര്‍ക്കാര്‍ യൂട്യൂബ് ചാനലുകളെയും വെബ്സൈറ്റും വിലക്കിയത്. വിലക്കിയവയില്‍ 18 എണ്ണം ഇന്ത്യ കേന്ദ്രീകരിച്ചും മൂന്നെണ്ണം പാകിസ്ഥാന്‍ കേന്ദ്രീകരിച്ചും പ്രവര്‍ത്തിക്കുന്നവയാണ്.
മൂന്ന് ട്വിറ്റര്‍ അക്കൗണ്ടുകളും ഒരു ഫേസ്ബുക്ക് അക്കൗണ്ടും നിരോധിച്ചു. ഇന്ത്യയുടെ ദേശീയ സുരക്ഷ, വിദേശ ബന്ധം എന്നിവയെ ബാധിക്കുന്ന വിവരങ്ങളാണ് ഈ ചാനലുകള്‍ വഴി പ്രചരിപ്പിച്ചതെന്ന് വാര്‍ത്തവിതരണ പ്രക്ഷേപണ മന്ത്രാലയം വ്യക്തമാക്കി. ഇന്ത്യന്‍ സൈന്യം, ജമ്മുകാശ്മീര്‍ എന്നിവയടക്കമുള്ള വിഷയങ്ങളില്‍ തെറ്റായ വിവരങ്ങള്‍ ഈ ചാനലുകള്‍ പ്രചരിപ്പിച്ചതായി കണ്ടെത്തി.
ഫെബ്രുവരിയില്‍ ഐടി ഇന്റര്‍മീഡിയറി ചട്ടങ്ങള്‍ പുറത്തിറക്കിയ ശേഷം ആദ്യമായാണ് ഇത്രയും അക്കൗണ്ടുകള്‍ക്കും ചാനലുകള്‍ക്കും എതിരെ ഒരുമിച്ച് നടപടി വരുന്നത്. എആര്‍പി ന്യൂസ്, എഒപി ന്യൂസ്, എല്‍ഡിസി ന്യൂസ്, സര്‍ക്കാരി ബാബു, എസ്എസ് സോണ്‍ ഹിന്ദി, സ്മാര്‍ട്ട് ന്യൂസ്, ന്യൂസ് 23, കിസാന്‍ ടോക് തുടങ്ങി 22 യൂട്യൂബ് ചാനലുകള്‍ക്കാണ് പൂട്ടുവീണത്.