ന്യൂഡല്‍ഹി: വടക്കുകിഴക്കൻ സംസ്ഥാനങ്ങളായ നാഗാലാന്‍ഡിലും മേഘാലയയിലും സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. നാഗാലാന്‍ഡില്‍ നാഷണലിസ്റ്റ് ഡെമോക്രാറ്റിക് പ്രോഗ്രസീവ് പാര്‍ട്ടി നേതാവായ നെയ്ഫ്യൂ റിയോയും, മേഘാലയയില്‍ നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടി നേതാവായ കോണ്‍റാഡ് സാങ്മയുമാണ് മുഖ്യമന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തത്. ഇരുസംസ്ഥാനങ്ങളിലും വിപുലമായ ഒരുക്കങ്ങളോടെയായിരുന്നു സത്യപ്രതിജ്ഞാ ചടങ്ങുകള്‍.
മേഘാലയയില്‍ തുടര്‍ച്ചയായി രണ്ടാം തവണയാണ് കോണ്‍റാഡ് സാങ്മ മുഖ്യമന്ത്രിയായി അധികാരത്തിലെത്തുന്നത്. മുഖ്യമന്ത്രിക്കു പുറമേ പ്രസ്റ്റോണ്‍ ടൈന്‍സങ്ങും, സ്നിയൗബലങ്ധര്‍ എന്നിവര്‍ ഉപമുഖ്യമന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു. മേഘാലയ ഗവര്‍ണര്‍ ഫഗു ചൗഹാനാണ് സത്യവാചകം ചൊല്ലിക്കൊടുത്തത്. അബു തഹെര്‍ മൊണ്ടെല്‍, കൈര്‍മെന്‍ ഷില്ല, മാര്‍ക്ക്യൂസ് എന്‍ മാര്‍ക്ക്, രാക്കം എ. സാങ്മ, അലക്സാണ്ടര്‍ ലാലു ഹെക്ക്, ഡോ. അബരീന്‍ ലിങ്ദോ, പോള്‍ ലിങ്ദോ, കമിങ്ഗോന്‍ യമ്പോന്‍ എന്നിവരും സത്യവാചകം ചൊല്ലി ക്യാബിനറ്റില്‍ അംഗമായി.
സാങ്മ നയിച്ച എൻപിപി സർക്കാരില്‍ ബിജെപിയും ഭാഗമായിരുന്നെങ്കിലും തിരഞ്ഞെടുപ്പില്‍ ഇരുകക്ഷികളും വേർപിരിഞ്ഞാണ് മത്സരിച്ചത്. 60 അംഗ നിയമസഭയിൽ 26 സീറ്റില്‍ എൻപിപിയും ബിജെപി രണ്ടെണ്ണത്തിലും യുഡിപി 11സീറ്റിലും ജയിച്ചു.
അതേസമയം, എൻഡിപിപി – ബിജെപി സഖ്യം മികച്ച വിജയം നേടിയ നാഗാലാന്‍ഡില്‍, നെയ്ഫ്യൂ റിയോയ്ക്ക് മുഖ്യമന്ത്രി പദത്തില്‍ ഇത് അഞ്ചാമൂഴമാണ്. സത്യപ്രതിജ്ഞാ ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ എന്നിവര്‍ പങ്കെടുത്തു. നാഗാലാന്‍ഡ് ഗവര്‍ണര്‍ ലാ ഗണേശന്‍ നെയ്ഫ്യൂവിനു സത്യവാചകം ചൊല്ലിക്കൊടുത്തു. എന്‍ഡിപിപിക്ക് 25 -ഉം ബിജെപിക്ക് 12 സീറ്റുമാണ് നാഗാലാന്‍ഡില്‍ ലഭിച്ചത്.