Friday, January 31, 2025

സര്‍ക്കാര്‍ ജീവനക്കാര്‍ മത, സമുദായ സംഘടനാ ഭാരവാഹികളാകുന്നത് ചട്ടവിരുദ്ധമെന്ന് ഹൈക്കോടതി

സര്‍ക്കാര്‍ ജീവനക്കാര്‍ മത, സമുദായ സംഘടനകളില്‍ ഭാരവാഹികളാകുന്നത് ചട്ടവിരുദ്ധമെന്ന് ഹൈക്കോടതി. കേരള സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ പെരുമാറ്റ ചട്ടം 67എ പ്രകാരം മത,സമുദായ സംഘടനകളുടെ പദവി വഹിക്കാനാകില്ല. എന്നാല്‍ മത്സരിക്കാന്‍ വിലക്കില്ലെന്നും മത്സരിക്കുന്നവര്‍ ജയിച്ച് പദവിയിലെത്തിയാല്‍ 67എ ചട്ടം ബാധകമാകുമെന്നും കോടതി ചൂണ്ടിക്കാട്ടി.

സര്‍ക്കാര്‍ ജോലിക്കാര്‍ സിഎസ്‌ഐ സഭയുടെ വിവിധ സമിതികളിലേക്ക് മത്സരിക്കുന്നത് തടയണമെന്നാനവശ്യപ്പെട്ട് കോട്ടയം തലയോലപ്പറമ്പ് സ്വദേശി കെ.ജെ ഫിലിപ്പ് സമര്‍പ്പിച്ച ഹര്‍ജിയിലാണ് ജസ്റ്റിസ് ടി.ആര്‍ രവിയുടെ ഉത്തരവ്. കേരള സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ പെരുമാറ്റ ചട്ടം 2014ല്‍ ഭേദഗതി ചെയ്ത് 67 എ ചട്ടം ഉള്‍പ്പെടുത്തുകയായിരുന്നു. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ മത,സമുദായ സംഘടനകളുടെയോ അത്തരം ട്രസ്റ്റുകളുടെയോ ഭാരവാഹി ആകരുതെന്നാണ് ചട്ടം.

വ്യക്തിയുടെ മത സ്വാതന്ത്ര്യവും ന്യൂനപക്ഷവും ഉള്‍പ്പെടെ സമുദായങ്ങളുടെ അവകാശവും നിഷേധിക്കുന്നില്ല. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ മത,സമുദായ സംഘടനകളില്‍ പദവി വഹിക്കുന്നതിനു മാത്രമാണ് വിലക്ക്. പ്രത്യേക വിഭാഗമായ സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ പെരുമാറ്റ ചട്ടത്തിന്റെ ഭാഗമാണ് ഇതെന്നു കോടതി ചൂണ്ടിക്കാട്ടി.

സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ സിഎസ്‌ഐ മധ്യകേരള മഹാഇടവകയുടെ പദവി വഹിക്കുന്നതിനും ചട്ട വ്യവസ്ഥ ബാധകമാകും. ഹര്‍ജിക്കാരന്‍ ഈ വിഷയത്തില്‍ വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ക്ക് നല്‍കിയ നിവേദനം 6 ആഴ്ചയ്ക്കുള്ളില്‍ പരിഗണിച്ചു തീര്‍പ്പാക്കണമെന്ന് കോടതി നിര്‍ദേശിച്ചു.

 

Latest News