ജപ്പാനിലെ മൗണ്ട് ഫുജിയിലേക്ക് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ നിയന്ത്രിക്കുന്നതിനായി പ്രവേശനഫീസ് ഈടാക്കാനൊരുങ്ങി ഭരണകൂടം. ഈ വേനൽക്കാലം മുതൽ മൗണ്ട് ഫുജിയിലെ നാല് പ്രധാന പാതകളിലും ജപ്പാൻ പ്രവേശനഫീസ് ഏർപ്പെടുത്തുമെന്നാണ് റിപ്പോർട്ടുകൾ. മുമ്പ്, യമനാഷി പ്രിഫെക്ചറിലെ യോഷിദ ട്രെയിലിൽ മാത്രമേ ഫീസ് ഉണ്ടായിരുന്നുള്ളൂ. ഇപ്പോൾ, ഷിസുവോക പ്രിഫെക്ചർ അതിന്റെ മൂന്ന് ട്രെയിലുകൾക്കും നിരക്ക് ഈടാക്കും.
ജപ്പാനിലെ പ്രശസ്തമായ ഈ പർവതനിരയിൽ സമീപവർഷങ്ങളിൽ വിനോദസഞ്ചാരികളുടെ എണ്ണത്തിൽ വൻ വർധനവ് രേഖപ്പെടുത്തിയിരുന്നു. ഇത്തരത്തിൽ തിരക്ക് കൂടിയതോടെ ഇവിടം മലിനമാകാനും ചില വിനോദസഞ്ചാരികൾ ശല്യമാകുന്ന രീതിയിലുള്ള സംഭവങ്ങൾ ഉണ്ടാകുകയും ചെയ്തു. കഴിഞ്ഞ വർഷം, മൗണ്ട് ഫുജിയിലേക്ക് ട്രക്കർമാരുടെ എണ്ണം പരിമിതപ്പെടുത്തിയിരുന്നു. മൗണ്ട് ഫുജിയുടെ യമനാഷി വശത്തുള്ള അഞ്ചാമത്തെ സ്റ്റേഷൻ എന്നറിയപ്പെടുന്ന യോഷിഡ ട്രെയിലിന്റെ പ്രവേശനകവാടത്തിൽ 3,776 മീറ്റർ ഉയരത്തിൽ ഒരു ഗേറ്റ് സ്ഥാപിച്ച് നിയന്ത്രണം ഏർപ്പെടുത്താനുള്ള ശ്രമങ്ങളും നടത്തിയിരുന്നു.
കഴിഞ്ഞ വർഷം ജൂലൈ ഒന്നുമുതൽ, വർഷത്തിലെ ക്ലൈംബിംഗ് സീസണിന്റെ ആരംഭത്തിൽ പർവതാരോഹകരിൽ നിന്ന് ഫീസ് പിരിക്കാൻ തുടങ്ങി. പർവതത്തിന്റെ കൊടുമുടിക്കു സമീപമുള്ള തിരക്ക് നിയന്ത്രിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ ഫീസ് ശേഖരണം നടപ്പിലാക്കിയത് എന്നാണ് അന്ന് അറിയിച്ചിരുന്നത്. ഇത്തരത്തിൽ കഴിഞ്ഞ വർഷം നടപ്പിലാക്കിയ നിയന്ത്രണങ്ങൾ കാരണം, മൗണ്ട് ഫുജിയിൽ കയറുന്നവരുടെ എണ്ണം 2023 ൽ 2,21,322 ൽ നിന്ന് കഴിഞ്ഞ വർഷം 2,04,316 ആയി കുറഞ്ഞിരുന്നു എന്നാണ് കണക്കുകൾ പറയുന്നത്.