Sunday, November 24, 2024

ആരോഗ്യ മേഖലയിലെ ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കുന്ന ഓര്‍ഡിനന്‍സിന് ഗവർണറുടെ അംഗീകാരം

ആരോഗ്യ മേഖലയിലെ ജീവനക്കാരുടെ സുരക്ഷ ഉറപ്പുവരുത്താന്‍ സംസ്ഥാന സര്‍ക്കാര്‍ കൊണ്ടുവന്ന ഓര്‍ഡിനന്‍സില്‍ ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍ ഒപ്പിട്ടു. ഇതോടെ ആരോഗ്യപ്രവർത്തകര്‍ക്കെതിരായ അതിക്രമത്തിൽ കർശന ശിക്ഷ നൽകാനുള്ള നിയമ ഭേദഗതിക്ക് അംഗീകാരമായി. മെഡിക്കൽ, നഴ്സിംഗ് വിദ്യാഭ്യാസ സ്ഥാപനങ്ങളേയും നിയമത്തിന്റെ പരിധിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ആരോഗ്യ മേഖലയിലെ ജീവനക്കാരുടെ ദീർഘനാളത്തെ ആവശ്യമായിരുന്നു ആശുപത്രി സംരക്ഷണ നിയമഭേദഗതി. കൊട്ടാരക്കര ആശുപത്രിയിലെ ഡോ. വന്ദനയുടെ കൊലപാതകത്തിന് പിന്നാലെയാണ് അടിയന്തിരമായി നിയമഭേദഗതി കൊണ്ടുവരാന്‍ സംസ്ഥാന ക്യാബിനറ്റ് തീരുമാനിച്ചത്. മന്ത്രി സഭ അംഗീകരിച്ച ഓര്‍ഡിനന്‍സ് ഗവര്‍ണറുടെ അംഗീകാരത്തിനായി വിടുകയായിരുന്നു.

ആരോഗ്യ പ്രവര്‍ത്തകര്‍ക്കെതിരായ അധിക്ഷേപം, അസഭ്യം പറയൽ എന്നിവ ഉള്‍പ്പടെയുള്ളവ ശിക്ഷ ലഭിക്കുന്ന കുറ്റമായി നിയമഭേദഗതിയില്‍ ഉൾപ്പെടുത്തിയിട്ടുണ്ട്. ആരോഗ്യ പ്രവർത്തകർക്കെതിരായ അതിക്രമത്തിന് 7 വർഷം തടവാണ് പരമാവധി ശിക്ഷ. കുറഞ്ഞ ശിക്ഷ 6 മാസമാക്കിയിട്ടുണ്ട്. പ്രതികൾക്കെതിരെ സമയബന്ധിത നിയമനടപടികൾക്കും നിയമത്തില്‍ വ്യവസ്ഥയുണ്ട്.

Latest News