അട്ടപ്പാടിയില്‍ കൊല്ലപ്പെട്ട മധുവിന്റെ കുടുംബത്തെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് സന്ദര്‍ശിച്ചു. സങ്കടകരമായ സാഹചര്യമാണ് മധുവിന്റെ കുടുംബത്തിന്റെതെന്നും നീതി ലഭ്യമാക്കാന്‍ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു. മധുവിന്റെ അമ്മയും സഹോദരിയും അനുഭവിച്ച വേദനയ്ക്ക് ഒപ്പം ചേരുന്നുവെന്നും ഗവര്‍ണര്‍ പറഞ്ഞു.
ചിണ്ടക്കയിലെ വീട്ടിലെത്തിയാണ് ഗവര്‍ണര്‍ മധുവിന്റെ അമ്മയെയും സഹോദരിയെയും കണ്ടത്. കുടുംബം ചില കാര്യങ്ങള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അവ രേഖാമൂലം തരാന്‍ നിര്‍ദേശിച്ചുവെന്നും ആരിഫ് മുഹമ്മദ് ഖാന് പ്രതികരിച്ചു.
നീതിക്ക് വേണ്ടിയുള്ള പോരാട്ടത്തിന് ഗവര്‍ണറുടെ സന്ദര്‍ശനം ഊര്‍ജം നല്‍കുന്നുവെന്ന് സഹോദരി സരസു മാധ്യമങ്ങളോട് പറഞ്ഞു. തങ്ങള്‍ക്ക് ഇപ്പോഴും ഭീഷണി ഉണ്ടെന്നും മധുവിന്റെ കുടുംബം ഗവര്‍ണറെ അറിയിച്ചു. കേസിലെ സ്പെഷ്യല്‍ പബ്ലിക്പ്രോസിക്യൂട്ടര്‍ രാജേഷ് എം മേനോന് ശമ്പളം അനുവദിക്കാന്‍ ഇടപെടണമെന്നും ഗവര്‍ണറോട് മധുവിന്റെ കുടുംബം ആവശ്യപ്പെട്ടു.