എയര്‍ സ്ട്രിപ്പുകള്‍ ഉള്‍പ്പെടെ രാജ്യത്ത് 2025-നുമുമ്പ് 220 വിമാനത്താവളങ്ങള്‍കൂടി നിര്‍മിക്കുമെന്ന് വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ ലോക്സഭയില്‍ പറഞ്ഞു. മൂന്ന് പുതിയ ആഭ്യന്തര കാര്‍ഗോ ടെര്‍മിനലുകളും പൈലറ്റുമാര്‍ക്കായി 15 പുതിയ ഫ്‌ളൈറ്റ് പരിശീലന സ്‌കൂളുകളും സ്ഥാപിക്കും.
കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും, ഡ്രോണ്‍ മേഖലയ്ക്ക് കൂടുതല്‍ ഊന്നല്‍ നല്‍കും. യാത്രക്കാരുടെ എണ്ണം അടുത്ത വര്‍ഷം 40 കോടിയായി വര്‍ധിപ്പിക്കുകയാണ് ലക്ഷ്യമെന്നും മന്ത്രി അറിയിച്ചു. കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ ധനാഭ്യര്‍ഥനാചര്‍ച്ചയ്ക്ക് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.
ഗ്രീന്‍ ഫീല്‍ഡ് മാര്‍ഗത്തിലും ബ്രൗണ്‍ ഫീല്‍ഡ് മാര്‍ഗത്തിലുമാണ് കൂടുതല്‍ വിമാനത്താവളങ്ങള്‍ നിര്‍മിക്കാന്‍ ആലോചിക്കുന്നതെന്ന് സിന്ധ്യ പറഞ്ഞു. പുതിയ വേനല്‍ക്കാല സമയക്രമത്തില്‍ ആഭ്യന്തരതലത്തില്‍ 135 വിമാനസര്‍വീസുകളും അന്താരാഷ്ട്രതലത്തില്‍ 15 സര്‍വീസുകളും ആരംഭിക്കും.