Sunday, November 24, 2024

എഡിറ്റേഴ്സ് ഗില്‍ഡ് ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ടിനെതിരെ സര്‍ക്കാര്‍: എഫ്.ഐ.ആര്‍ ഫയല്‍ ചെയ്തു

മണിപ്പൂരിലെ സംഘര്‍ഷങ്ങളില്‍ മാധ്യമങ്ങള്‍ ഏകപക്ഷീയമായ നിലപാട് സ്വീകരിച്ചെന്ന എഡിറ്റേഴ്സ് ഗില്‍ഡ് ഓഫ് ഇന്ത്യയുടെ (ഇ.ജി.ഐ) റിപ്പോര്‍ട്ടിനെതിരെ കേസ്. ഇ.ജി.ഐ അംഗങ്ങള്‍ക്കെതിരെ എഫ്.ഐ.ആര്‍ ഫയല്‍ ചെയ്തതായി മണിപ്പൂര്‍ മുഖ്യമന്ത്രി എന്‍ ബിരേന്‍ സിംഗാണ് അറിയിച്ചത്. സംസ്ഥാനത്ത് കൂടുതല്‍ സംഘര്‍ഷങ്ങള്‍ സൃഷ്ടിക്കാന്‍ ശ്രമം നടത്തിയെന്ന് ആരോപിച്ചാണ് നടപടി.

‘ഇപ്പോഴത്തെ പ്രതിസന്ധിയുടെ ഉത്ഭവത്തെക്കുറിച്ച് ഇ.ജി.ഐക്ക് കാര്യമായ അറിവില്ലെന്ന് തോന്നുന്നു. പ്രതിസന്ധിയുടെ എല്ലാ തെളിവുകളും സംസ്ഥാന സര്‍ക്കാരിന്റെ പക്കലുണ്ട്. അവര്‍ക്ക് വേണമെങ്കില്‍ ഞങ്ങളില്‍ നിന്നും അത് വാങ്ങാം.’ ബിരേന്‍ സിംഗ് പറഞ്ഞു. മണിപ്പൂരിലെ സംഘര്‍ഷങ്ങള്‍ സുപ്രീം കോടതിയുടെ നിരീക്ഷണത്തിലുള്ളതാണെന്നും ഈ സാഹചര്യത്തില്‍ വസ്തുതാപരമായ പിശക് ഉള്‍ക്കൊള്ളുന്ന ഇ.ജി.ഐ റിപ്പോര്‍ട്ട് അപലപിക്കേണ്ടതാണെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. റിപ്പോര്‍ട്ട് നിലവിലെ പ്രതിസന്ധിയെ കൂടുതല്‍ വഷളാക്കുകയോ തീവ്രമാക്കുകയോ ചെയ്യുന്നതിനാല്‍ ഇ.ജി.ഐക്കെതിരെ എഫ്.ഐ.ആര്‍ ഫയല്‍ ചെയ്യുകയാണെന്നും എന്‍ ബിരേന്‍ സിംഗ് കൂട്ടിച്ചേര്‍ത്തു.

എഡിറ്റേഴ്സ് ​ഗിൽഡ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് പ്രകാരം, കുക്കികളെ കുറിച്ചുളള വാർത്തകൾ വളച്ചൊടിക്കുകയും മെയ്തെയ് വിഭാ​ഗത്തിന്റെ വാർത്തകൾ മറച്ചുവയ്ക്കുകയും ചെയ്തതായി ആരോപിച്ചിരുന്നു. ഏഴു വയസ്സുള്ള കുക്കി ബാലനെ മെയ്തെയ് ആൾക്കൂട്ടം ആക്രമിച്ച വാർത്ത മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തില്ല. ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ കുട്ടിയേയും അമ്മയേയും ആംബുലൻസിൽ ജീവനോടെ കത്തിച്ചതും എല്ലാ മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തിരുന്നില്ല. എന്നാല്‍ കുക്കി ആധിപത്യമുള്ള ചുരാചന്ദ്പൂരിലെ ജില്ലാ ആശുപത്രിയിൽ മ്യാൻമർ പൗരൻമാർക്ക് ചികിത്സ നൽകി എന്ന വാർത്ത പല മാധ്യമങ്ങളും പുറത്തുവിട്ടതായി റിപ്പോര്‍ട്ടില്‍ പറയുന്നു.ഇത് ഏകപക്ഷിയമായ രീതിയാണെന്നായിരുന്നു ഇ.ജി.ഐയുടെ റിപ്പോര്‍ട്ട്.

Latest News