Monday, November 25, 2024

പ്രധാനപ്പെട്ട മരുന്നുകളുടെ വില 70 ശതമാനം വരെ കുറയ്ക്കുന്നതിനുള്ള പദ്ധതിയുമായി കേന്ദ്രസര്‍ക്കാര്‍

സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികത്തോടനുബന്ധിച്ച് പ്രധാനപ്പെട്ട മരുന്നുകളുടെ വില 70 ശതമാനം വരെ കുറയ്ക്കുന്നതിനുള്ള പദ്ധതിയുമായി കേന്ദ്രസര്‍ക്കാര്‍. ആരോഗ്യ പരിപാലനത്തിനുള്ള ചെലവ് കുറയ്ക്കുന്നതിന്റെ ഭാഗമായി കാന്‍സര്‍, പ്രമേഹം, ഹൃദ്രോഗം തുടങ്ങിയ അസുഖങ്ങള്‍ക്കുള്ള മരുന്നുകളുടെ വില കുറയ്ക്കുന്നതിനാണ് തീരുമാനം.

ഇതിന്റെ ഭാഗമായി വ്യാപകമായി പ്രചാരത്തിലുള്ള ദേശീയ അവശ്യമരുന്നുകളുടെ പട്ടിക പരിഷ്‌കരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നടപടികള്‍ സ്വീകരിച്ചതായാണ് സൂചന. രോഗികള്‍ക്കു ദീര്‍ഘകാലം ഉപയോഗിക്കേണ്ടിവരുന്ന മരുന്നുകള്‍ക്ക് ഉയര്‍ന്ന വില ഈടാക്കുന്നതു നിയന്ത്രിക്കാനും സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്.

വിഷയം ചര്‍ച്ച ചെയ്യുന്നതിനും അന്തിമതീരുമാനം കൈക്കൊള്ളുന്നതിനുമായി മരുന്നുനിര്‍മാണ കമ്പനികളുടെ പ്രതിനിധികളുമായി കേന്ദ്ര ആരോഗ്യവകുപ്പ് മന്ത്രി മന്‍സുഖ് മാണ്ഡവ്യ നാളെ യോഗം ചേരും.

മരുന്നുകളുടെ വിലനിര്‍ണയത്തിനുള്ള കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ നാഷണല്‍ ഫാര്‍മസ്യൂട്ടിക്കല്‍ പ്രൈസിംഗ് അഥോറിറ്റി (എന്‍പിപിഎ) ദേശീയ അവശ്യമരുന്നുകളുടെ പട്ടികയില്‍ പെടുന്ന 355ലധികം മരുന്നുകളുടെ വിലപരിധി നിശ്ചയിച്ചിട്ടുണ്ട്. ഇതനുസരിച്ച് പട്ടികപ്പെടുത്തിയിട്ടുള്ള മരുന്നുകളുടെ വ്യാപാര മാര്‍ജിന്‍ മൊത്തക്കച്ചവടക്കാര്‍ക്ക് എട്ട് ശതമാനമായും ചില്ലറവ്യാപാരികള്‍ക്ക് 16 ശതമാനമായും നിയന്ത്രിച്ചിട്ടുണ്ട്.

 

Latest News