Wednesday, January 22, 2025

‘വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ആര്‍ത്തവ അവധി ലഭിക്കില്ല’; തീരുമാനം പരിഗണനയിലില്ലെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം

രാജ്യത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ആര്‍ത്തവ അവധി ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ നിയമനിര്‍മാണം കൊണ്ടുവരുന്ന കാര്യം പരിഗണനയിലില്ലെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം. ലോക്സഭയില്‍ രേഖാമൂലമുള്ള ചോദ്യത്തിന് മറുപടി പറയുകയായിരുന്നു കേന്ദ്ര വിദ്യാഭ്യാസ സഹമന്ത്രി സുഭാഷ് സര്‍ക്കാര്‍. അതേ സമയം വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ വേണ്ടി വരുന്ന അടിസ്ഥാന സൗകര്യങ്ങള്‍ക്കായി മാര്‍ഗ നിര്‍ദേശങ്ങള്‍ യുജിസി അവതരിപ്പിച്ചതായി മന്ത്രി പറഞ്ഞു.

വിദ്യാര്‍ത്ഥിനികള്‍ക്ക് വേണ്ടി പരാതി പരിഹാര സെല്‍, സുരക്ഷിതമായ അന്തരീക്ഷം ഒരുക്കല്‍ എന്നിവയുമായി ബന്ധപ്പെട്ടുളള സജ്ജീകരണം ഒരുക്കും. ബോധവത്കരണം, സാനിറ്ററി പാഡുകളും മറ്റും സംസ്‌കരിക്കാന്‍ പരിസ്ഥിതി സൗഹൃദ ഇന്‍സിനറേറ്ററുകളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കല്‍, ആര്‍ത്തവ ശുചീകരണത്തിനുള്ള അവബോധം സൃഷ്ടിക്കല്‍ എന്നിങ്ങനെ നിരവധി മാര്‍ഗ നിര്‍ദേശങ്ങള്‍ യുജിസി മുന്നോട്ട് വെച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

ഇന്ത്യയില്‍ ആദ്യമായി ഒരു സര്‍വകലാശാലയില്‍ ആര്‍ത്തവ അവധി അനുവദിച്ചത് കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയിലാണ്. വിദ്യാര്‍ത്ഥി യൂണിയന്റെ ഇടപെടലിനെ തുടങ്ങിയാണ് പെണ്‍കുട്ടികള്‍ക്ക് ഓരോ സെമസ്റ്ററിലും രണ്ട് ശതമാനം അധിക അവധി നല്‍കാന്‍ സര്‍വകലാശാല തീരുമാനിച്ചത്.

സര്‍വകാലാശാലകളില്‍ സാധാരണ പരീക്ഷയെഴുതണമെങ്കില്‍ വിദ്യാര്‍ത്ഥികള്‍ക്ക് 75 ശതമാനം ഹാജര്‍ വേണം. എന്നാല്‍ കുസാറ്റിലെ പെണ്‍കുട്ടികള്‍ക്ക് 73 ശതമാനം ഹാജര്‍ മതിയെന്ന സുപ്രധാനമായ തീരുമാനമാണ് സര്‍വകലാശാലയെടുത്തത്. അതേസമയം കുസാറ്റ് മാതൃകയില്‍ പിന്നീട് കേരളത്തിലെ ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള എല്ലാ സര്‍വകലാശാലകളിലേയും വിദ്യാര്‍ത്ഥികള്‍ക്ക് ആര്‍ത്തവ അവധി അനുവദിച്ച് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു.

Latest News