Tuesday, November 26, 2024

നൂറോളം ശാസ്ത്ര പുരസ്‌കാരങ്ങള്‍ റദ്ദാക്കി കേന്ദ്രം

കേന്ദ്രസര്‍ക്കാര്‍ മന്ത്രാലയങ്ങള്‍ നല്‍കി വന്നിരുന്ന ശാസ്ത്രപുരസ്‌കാരങ്ങളില്‍ നൂറോളം പുരസ്‌കാരങ്ങളും എഡ്വോമെന്റുകളും നിര്‍ത്തലാക്കി. ഇതു സംബന്ധിച്ച വിജ്ഞാപനം പുറത്തിറക്കി. വൈകാതെ രാജ്യം നല്‍കുന്ന ഏറ്റവും ഉയര്‍ന്ന ശാസ്ത്ര പുരസ്‌കാരമായ ശാന്തി സ്വരൂപ് ഭട്‌നാഗര്‍ പുരസ്‌കാരവും റദ്ദാക്കിയേക്കും.

1958 മുതല്‍ നല്‍കുന്ന രാജ്യത്തിന്റെ ഏറ്റവും ഉയര്‍ന്ന ശാസ്ത്ര പുരസ്‌കാരമായ ശാന്തി സ്വരൂപ് ഭട്‌നാഗര്‍ പുരസ്‌കാരം ഈ വര്‍ഷം പ്രഖ്യാപിച്ചില്ല. പകരം ‘വിജ്ഞാന്‍ രത്‌ന’ പുരസ്‌കാരം നല്‍കുമെന്ന് അവകാശപ്പെടുന്നെങ്കിലും പ്രഖ്യാപനം വന്നിട്ടില്ല.

ശാസ്ത്രവകുപ്പിനു പുറമെ ആരോഗ്യം, ബയോടെക്‌നോളജി, അറ്റോമിക് ഊര്‍ജം, ബഹിരാകാശം, കുടുംബക്ഷേമം, ഭൗമശാസ്ത്രം വകുപ്പുകളും വിവിധ പുരസ്‌കാരങ്ങള്‍ നല്‍കിയിരുന്നു. നാല് ദേശീയ പുരസ്‌കാരമുള്‍പ്പെടെ ആകെ 208 പുരസ്‌കാരമുണ്ട്.

54 സ്‌കോളര്‍ഷിപ് പുരസ്‌കാരവും 57 ആഭ്യന്തര പുരസ്‌കാരവുമുണ്ട്. ഇതില്‍ ഉള്‍പ്പെടുന്ന 97 സ്വകാര്യ എന്‍ഡോവ്മെന്റും പുരസ്‌കാരങ്ങളും ഇതോടൊപ്പം വിജ്ഞാപനത്തില്‍ നിര്‍ത്തലാക്കി. പുരസ്‌കാരങ്ങള്‍ ശാസ്ത്രസമൂഹത്തിനുള്ള രാജ്യത്തിന്റെ പ്രചോദനമാണെന്നും അത് നിര്‍ത്തലാക്കുന്നതില്‍ നിരാശയുണ്ടെന്നും ശാസ്ത്രലോകം പ്രതികരിച്ചു.

കൗണ്‍സില്‍ ഓഫ് സയന്റിഫിക് ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ റിസര്‍ച്ച് (സിഎസ്ഐആര്‍) ശാസ്ത്രദിനത്തില്‍ ആഘോഷങ്ങള്‍ സംഘടിപ്പിക്കാതെ ഇതില്‍ പ്രതിഷേധിച്ചിരുന്നു. യോഗ്യരായവര്‍ക്കുമാത്രം പുരസ്‌കാരം നല്‍കാന്‍ എണ്ണം വെട്ടിച്ചുരുക്കുന്നുവെന്നാണ് കേന്ദ്രവാദം.

Latest News