Friday, April 11, 2025

ഗ്രാൻസ്ലാം കരിയർ അവസാനിച്ചു: വികാരഭരിതമായി സാനിയയുടെ വിട പറച്ചിൽ

മെല്‍ബണിലെ റോഡ് ലേവര്‍ അരീന സ്റ്റേഡിയത്തില്‍ തടിച്ചുകൂടിയ കാണികളുടെ ആവേശാരവങ്ങള്‍ ഇന്നലെ അല്‍പനേരത്തേക്ക് നിലച്ചു. അത് ഓസ്ട്രേലിയന്‍ ഓപ്പണ്‍ മിക്സഡ് ഡബിള്‍സ് ഫൈനലില്‍ ബ്രസീലിന്‍റെ ലയൂസ സ്റ്റെഫാനി – റാഫേല്‍ മാറ്റോസ് സംഖ്യം എതിര്‍സഖ്യത്തെ പരാജയപ്പെടുത്തിയതില്‍ ആയിരുന്നില്ല, മറിച്ച് കായികരംഗത്തെ ഏറ്റവും വലിയ എതിരാളികളെ 18-ാം വയസില്‍ നേരിട്ട സാനിയ മിര്‍സാ എന്ന ടെന്നീസ് താരം തന്‍റെ ഗ്രാന്‍ഡ്സ്ലാം കരിയര്‍ അവസാനിപ്പിക്കുന്നതിനെ തുടര്‍ന്നായിരുന്നു.

ബ്രസീലിയന്‍ താരങ്ങള്‍ക്കു മുന്‍പില്‍ വിജയപ്രതീക്ഷയോടെ കളത്തിലിറങ്ങിയ സാനിയ- ബൊപ്പെണ്ണ സഖ്യം 6-7, 2-6 എന്ന സ്കോറിലാണ് പൊരുതിത്തോറ്റത്. മത്സരം അവസാനിച്ച ശേഷം എതിരാളികളെ ചേർത്തുപിടിക്കുന്ന പതിവുശൈലി സാനിയ മറന്നില്ല. പക്ഷേ, കാണികളെ അഭിസംബോധന ചെയ്തപ്പോൾ വിതുമ്പലടക്കാന്‍ താരം നന്നേ പാടുപെട്ടു. ഓസ്‌ട്രേലിയന്‍ ഓപ്പണോടെ ഗ്രാന്‍സ്ലാം കരിയറില്‍ നിന്നും താന്‍ വിരമിക്കുമെന്ന താരത്തിന്‍റെ പ്രഖ്യാപനത്തെ തുടര്‍ന്നായിരുന്നു ഇത്.

“2005 -ല്‍ മെൽബണിൽ തന്നെയാണ് എന്റെ പ്രൊഫഷണൽ കരിയർ ആരംഭിച്ചത്. സത്യസന്ധമായി പറഞ്ഞാൽ, ഇവിടെയാണ് ഞാൻ ഉള്ളത്. 18 വയസുള്ളപ്പോള്‍ ടെന്നീസിലെ ഏറ്റവും വലിയ കളിക്കാരില്‍ ഒരാളായ സെറിന വില്യംസിനോട് ഏറ്റുമുട്ടിയതും ഇവിടെ വച്ചണ്. അതിനാല്‍ ഗ്രാൻഡ്സ്ലാം കരിയർ അവസാനിപ്പിക്കാൻ ഇതിലും മികച്ച ഒരു വേദിയെക്കുറിച്ച് എനിക്ക് ചിന്തിക്കാൻ കഴിയില്ല” – സാനിയ മിര്‍സ പറഞ്ഞു.

ലോക ഒന്നാം നമ്പർ ഡബിൾസ് കളിക്കാരിയായി തിളങ്ങിയും ടൂറിൽ 43 ഡബിൾസ് കിരീടങ്ങളും ഒപ്പം നിരവധി എതിരാളികളെ നേരിട്ട ഐക്കണിക് താരമെന്ന കീര്‍ത്തിയും സാനിയയുടെ കരിയറില്‍ ഉണ്ട്. മേരി കോം, പി.വി. സിന്ധു, സൈന നെഹ്വാൾ എന്നിവർ ലോകമെമ്പാടും അംഗീകാരം നേടുന്നതിനു മുമ്പ്, 21-ാം നൂറ്റാണ്ടിലെ വനിതാ കായികരംഗത്തെ മുൻനിര വെളിച്ചമായിരുന്നു സാനിയ.

ആഗോളതലത്തിൽ ശ്രദ്ധിക്കപ്പെടുന്ന ഒരു വാണിജ്യ കായിക ഇനത്തിൽ, മത്സരതലത്തിൽ കളിക്കുന്ന ഒരു മുസ്ലീം യുവതിയെ സംബന്ധിച്ചിടത്തോളം, സാനിയയ്ക്ക് അധികമാരും നേരിടേണ്ടിവരാത്ത വിമർശനങ്ങൾ അതിജീവിക്കേണ്ടതായി വന്നിട്ടുണ്ട്. ദേശീയപതാകയെ അനാദരിച്ചുവെന്ന് ഒരിക്കൽ അസംബന്ധമായി താരത്തില്‍ ആരോപിക്കപ്പെട്ടു. ഒരു പാക്കിസ്ഥാൻ ക്രിക്കറ്റ് താരവുമായുള്ള വിവാഹം കാരണം സാനിയായുടെ ദേശസ്‌നേഹവും ചോദ്യം ചെയ്യപ്പെട്ടിരുന്നു.

ഗ്രാൻഡ്സ്ലാമിൽ സാനിയക്ക് മൂന്ന് ഡബിൾസ് കിരീടങ്ങളും മൂന്ന് മിക്സഡ് ഡബിൾസ് കിരീടങ്ങളുമാണ് സ്വന്തമായുള്ളത്. 1987 -ൽ രമേഷ് കൃഷ്ണനു ശേഷം ഒരു ഗ്രാൻഡ് സ്ലാമിന്റെ രണ്ടാം വാരത്തിലെത്തുന്ന ആദ്യ ഇന്ത്യൻ വനിതയെന്ന നേട്ടവും സാനിയക്കാണ്.

ഒരു മേജർ സിംഗിൾസ് ഇവന്റിൽ ഏതൊരു ഇന്ത്യക്കാരനും നേടിയ ഏറ്റവും ആഴത്തിലുള്ള നേട്ടം. 10 വർഷക്കാലം, ഡബിൾസ് മാത്രം കളിക്കുന്നതിന് ഇറങ്ങുന്നതിനു മുമ്പ് സാനിയ ഇന്ത്യയുടെ ഒന്നാം നമ്പർ സിംഗിൾസ് താരമായിട്ടാണ് തുടര്‍ന്നത്. 2007 -ൽ ലോക 27-ാം റാങ്കില്‍ താരം എത്തി. ഫെബ്രുവരിയിൽ ദുബായിൽ നടക്കുന്ന ഡബ്ലിയൂ.ടി.എ. ടൂർണമെന്റോടെ ടെന്നീസിൽ നിന്നും പൂര്‍ണ്ണമായി വിരമിക്കുമെന്ന് താരം പ്രഖ്യാപിച്ചിട്ടുണ്ട്.

Latest News