ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നിനെ പുകഴ്ത്തിക്കൊണ്ടുള്ള പ്രൊപ്പഗണ്ട മ്യൂസിക് വീഡിയോ ദക്ഷിണ കൊറിയയില്‍ നിരോധിച്ചു. ‘മഹാനായ നേതാവ്, സ്‌നേഹസമ്പന്നനായ പിതാവ്’ എന്നീ നിലകളില്‍ കിമ്മിനെ പ്രകീര്‍ത്തിച്ചുകൊണ്ടുള്ള വീഡിയോക്കാണ് നിരോധനമേര്‍പ്പെടുത്തിയത്. ടിക് ടോക്കിലടക്കം ട്രെന്റ് ആയ വീഡിയോ കഴിഞ്ഞ മാസമാണ് പുറത്തിറങ്ങിയത്.
ദക്ഷിണ കൊറിയയുടെ ദേശീയ സുരക്ഷാ നിയമത്തിന് എതിരാണ് കിമ്മിന്റെ സ്വേച്ഛാധിപത്യ ഭരണകൂടത്തിന്റെ പ്രവര്‍ത്തനങ്ങളെ സ്തുതിക്കുന്നതിനെ പ്രോത്സാഹിപ്പിക്കുന്നതും പ്രചരിപ്പിക്കുന്നതുമെന്ന് അധികൃതര്‍ വ്യക്തമാക്കി. വീഡിയോ നിയമം ലംഘിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കാന്‍ ഇന്റലിജന്‍സ് അധികൃതര്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് സിയോളിലെ കൊറിയ കമ്മ്യൂണിക്കേഷന്‍സ് സ്റ്റാന്‍ഡേര്‍ഡ് കമ്മീഷന്‍ വീഡിയോ നിരോധിക്കാന്‍ തീരുമാനിച്ചത്.
”ദക്ഷിണ കൊറിയയ്ക്കെതിരായ മാനസിക യുദ്ധവുമായി ബന്ധപ്പെട്ടതാണ് വീഡിയോയുടെ ഉള്ളടക്കം. ഇത് പുറം ലോകവുമായി ബന്ധപ്പെടാന്‍ പ്രവര്‍ത്തിക്കുന്ന ഒരു ചാനലില്‍ പോസ്റ്റുചെയ്തു. പ്രധാനമായും ഏകപക്ഷീയമായി വിഗ്രഹവല്‍ക്കരിക്കുകയും കിമ്മിനെ മഹത്വവല്‍ക്കരിക്കുകയും ചെയ്യുന്നതിലാണ് വീഡിയോ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്,” റെഗുലേറ്റര്‍ പ്രസ്താവനയില്‍ പറഞ്ഞു.
‘ഫ്രണ്ട്‌ലി ഫാദര്‍’ എന്നാണ് മ്യൂസിക് വീഡിയോയുടെ പേര്. കഴിഞ്ഞ മാസം നോര്‍ത്ത് സ്റ്റേറ്റ് ടെലിവിഷനാണ് വീഡിയോ ആദ്യം പുറത്തുവിട്ടത്. പട്ടാളക്കാര്‍ മുതല്‍ സ്‌കൂള്‍ കുട്ടികള്‍ വരെയുള്ള ഉത്തരകൊറിയക്കാര്‍ ഒന്നു ചേര്‍ന്ന് ”നമുക്ക് പാടാം, കിം ജോങ് ഉന്‍ മഹാനായ നേതാവ്”, ”സൗഹൃദ പിതാവായ കിം ജോങ് ഉന്നിനെക്കുറിച്ച് നമുക്ക് അഭിമാനിക്കാം” പാടുന്നതാണ് വീഡിയോയുടെ ഉള്ളടക്കം.