2025 -ഓടെ ഹരിത ഗൃഹവാതക ബഹിർഗമനം ഏറ്റവും ഉയർന്ന തലത്തിലെത്തുമെന്ന് റിപ്പോര്‍ട്ട്. യു.എൻ ഗ്ലോബൽ സ്റ്റോക് ടേക്ക് (ജി.എസ്.ടി) പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. പാരീസ് ഉടമ്പടി ലക്ഷ്യത്തെപ്പറ്റിയുള്ള ആഗോളപുരോഗതി വിലയിരുത്തുന്ന യു.എന്നിന്റെ ഏജന്‍സിയാണ് ജി.എസ്.ടി.
ഫോസിൽ ഇന്ധനങ്ങൾ നിർത്താനായില്ലെങ്കിൽ ലോകത്തെ കാത്തിരിക്കുന്നത് വൻദുരന്തമാണെന്ന് 47 പേജുള്ള ജി.എസ്.ടി റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കുന്നു. ലോകരാജ്യങ്ങൾക്ക് പാരീസ് ഉടമ്പടിലക്ഷ്യങ്ങളായ കാർബൺ മലിനീകരണം, ഹരിത ഗൃഹവാതക ബഹിർഗമനം എന്നിവ കുറയ്ക്കാന്‍ സാധിക്കുന്നില്ലെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. കൂടാതെ വികസ്വര രാജ്യങ്ങൾക്കുള്ള ധനസഹായം വർധിപ്പിക്കുന്നതിൽ പരാജയപ്പെട്ടതായും ജി.എസ്.ടി പറയുന്നു. പാരീസ് ഉടമ്പടിലക്ഷ്യങ്ങൾ കൈവരിക്കാനായി ഫോസിൽ ഇന്ധങ്ങളെല്ലാം ഘട്ടംഘട്ടമായി നിർത്തലാക്കേണ്ടിവരുമെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കിയിട്ടുണ്ട്.
അതേസമയം, ഫോസിൽ ഇന്ധനങ്ങൾ എങ്ങനെ ഘട്ടംഘട്ടമായി നിർത്തലാക്കാം എന്നതാണ് നിലവിലെ യു.എൻ ആഗോള കാലാവസ്ഥാചർച്ചകളുടെ പ്രധാന വിഷയം. എന്നാൽ ഫോസിൽ ഇന്ധനങ്ങൾ ഘട്ടംഘട്ടമായി നിർത്തലാക്കണമെന്ന ചർച്ച യു.എന്നിൽ വിവാദങ്ങൾക്ക് വഴിവച്ചിരുന്നു. എണ്ണ ഉത്പാദന രാജ്യങ്ങളാണ് ഇതിനെ എതിർത്തത്.