പൊതുതിരഞ്ഞെടുപ്പിൽ അപ്രതീക്ഷിത വിജയം കരസ്ഥമാക്കി ഗ്രീൻലാൻഡിന്റെ പ്രതിപക്ഷ ഡെമോക്രാറ്റിക്ക് പാർട്ടി. ഡെൻമാർക്കിൽ നിന്ന് സ്വാതന്ത്ര്യം നേടുന്നതിനുള്ള മന്ദഗതിയിലുള്ള സമീപനത്തെ അനുകൂലിക്കുന്ന ഡെമോക്രാറ്റിക്ക് പാർട്ടിയാണ് പാർലമെന്റ് തിരഞ്ഞെടുപ്പിൽ വിജയം നേടിയത്. ഏകദേശം 30% വോട്ട് നേടിയതായി ഫലങ്ങൾ കാണിക്കുന്നു.
ദ്വീപിന്റെ നിയന്ത്രണം ഏറ്റെടുക്കുമെന്ന യു എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രതിജ്ഞയ്ക്കിടെയാണ് പ്രതിപക്ഷ ഡെമോക്രാറ്റിക്ക് പാർട്ടിയുടെ വിജയം. 2021 ൽ പാർട്ടി നേടിയത് 9.1% വിജയം മാത്രമായിരുന്നു. പുറത്തുനിന്നും വലിയ താൽപര്യമുള്ള ഒരു സമയത്ത് നമ്മൾ ഒരുമിച്ചുനിൽക്കേണ്ടത് ഗ്രീൻലാൻഡിന്റെതന്നെ ആവശ്യമാണെന്ന് പാർട്ടി നേതാവ് ജെൻസ് ഫ്രെഡറിക് നീൽസൺ പറഞ്ഞു. ഒരുമിച്ചുള്ള പ്രവർത്തനത്തിനായി എല്ലാവരുമായി ചർച്ച നടത്താൻ ഉദ്ദേശിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
ഒരുമിച്ചുള്ള സഖ്യം രൂപീകരിക്കുന്നതിന് അദ്ദേഹത്തിന്റെ പാർട്ടി ഇനി മറ്റു പാർട്ടികളുമായി ചർച്ച നടത്തേണ്ടിവരും. ആർട്ടിക്, അറ്റ്ലാന്റിക് സമുദ്രങ്ങൾക്കിടയിലുള്ള ലോകത്തിലെ ഏറ്റവും വലിയ ദ്വീപാണ് ഗ്രീൻലാൻഡ്. ആഭ്യന്തരകാര്യങ്ങളെല്ലാം നിയന്ത്രിക്കുന്നത് ഗ്രീൻലാൻഡ് ആണെങ്കിലും ദ്വീപിന്റെ വിദേശനയവും പ്രതിരോധ നയവും സംബന്ധിച്ച തീരുമാനങ്ങൾ എടുക്കുന്നത് കോപ്പൻഹേഗനിലാണ്. വിശാലമായ ദ്വീപിൽ ചിതറിക്കിടക്കുന്ന 72 പോളിംഗ് സ്റ്റേഷനുകളിലാണ് വോട്ടെടുപ്പ് നടന്നത്.