നോട്ടീസ് നല്‍കിയിട്ടും താരസംഘടനയായ അമ്മ പണം അടച്ചില്ല. 4 കോടി 36 ലക്ഷം രൂപയാണ് ജിഎസ്ടി ഇനത്തില്‍ അമ്മ അടയ്ക്കാനുള്ളത്. പണം അടയ്ക്കണമെന്ന് വ്യക്തമാക്കി കഴിഞ്ഞ നവംബറിലാണ് ജിഎസ്ടി വകുപ്പ് സംഘടനയ്ക്ക് നോട്ടീസ് നല്‍കിയത്. പണം നല്‍കാത്ത സാഹചര്യത്തില്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കാനാണ് ജിഎസ്ടി വകുപ്പിന്റെ നീക്കം.
ജിഎസ്ടി നിലവില്‍ വന്നത് മുതല്‍ ഇക്കഴിഞ്ഞ സെപ്റ്റംബര്‍ വരെ സംഘടനയായ അമ്മ ജിഎസ്ടി രജിസ്ട്രേഷന്‍ എടുക്കുകയൊ ചരക്ക് സേവന നികുതി അടയ്ക്കുകയൊ ചെയ്തിരുന്നില്ല. സ്റ്റേജ് ഷോകളിലൂടെയും ഡൊണേഷനുകളിലൂടെയും അമ്മയ്ക്ക് 15 കോടിയിലേറെ രൂപയുടെ വരുമാനം ഉണ്ടായതായി ജിഎസ്ടി ഇന്റലിജന്‍സ് വിഭാഗം കണ്ടെത്തി. എന്നാല്‍ സംഘടന ചാരിറ്റബിള്‍ സൊസൈറ്റി എന്ന നിലയിലാണ് പ്രവര്‍ത്തിക്കുന്നത് എന്നായിരുന്നു അമ്മയുടെ വാദം. താരസംഘടനയായ അമ്മയ്ക്ക് ലഭിച്ച വരുമാനത്തിന്റെ കണക്കുകള്‍ കോഴിക്കോട് ജിഎസ്ടി ഇന്റലിജന്‍സ് വിഭാഗം ശേഖരിച്ചിരുന്നു.
കഴിഞ്ഞ സെപ്റ്റംബറില്‍ ജനറല്‍ സെക്രട്ടറി ഇടവേള ബാബുവിനെ വിളിച്ച് വരുത്തുകയും 2017 മുതലുള്ള നികുതിയും കുടിശ്ശികയും അടയ്ക്കണമെന്ന് കാണിച്ച് നോട്ടീസ് നല്‍കുകയും ചെയ്തു. തുടര്‍ന്ന് ജിഎസ്ടി രജിസ്ട്രേഷന്‍ എടുത്ത അമ്മ 45 ലക്ഷം രൂപ ജിഎസ്ടി അടയ്ക്കുകയും ചെയ്തു. എന്നാല്‍ ബാക്കി തുകയായ 4കോടി 36 ലക്ഷം രൂപ അടയ്ക്കണമെന്ന് കാണിച്ച് നോട്ടീസ് നല്‍കിയിട്ടും അടയ്ക്കാത്തതിനെ തുടര്‍ന്നാണ് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കുന്നത്.
30 ദിവസത്തിനകം പണം അടയ്ക്കാത്ത പക്ഷം റവന്യൂ റിക്കവറി നടപടികളിലേക്ക് കടക്കാനാണ് ജിഎസ്ടി വകുപ്പിന്റെ നീക്കം. പ്രളയത്തിന് പിന്നാലെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അമ്മ സമാഹരിച്ച് നല്‍കിയ ആറര കോടി രൂപ ജിഎസ്ടി പരിധിയില്‍ നിന്നും പൂര്‍ണ്ണമായും ഒഴിവാക്കിയിട്ടുണ്ട്.