പ്രധാനമന്ത്രിയുടെ വിദ്യാഭ്യാസരേഖകള്‍ വിവരാവകാശ നിയമപ്രകാരം കൈമാറണമെന്ന കേന്ദ്ര വിവരാവകാശ കമ്മീഷന് ഉത്തരവ് റദ്ദാക്കി ഗുജറാത്ത് ഹൈക്കോടതി. നരേന്ദ്ര മോദിയുടെ ബിരുദ രേഖകളുടെ പകര്‍പ്പ് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിന് കൈമാറാനായിരുന്നു കേന്ദ്ര വിവരാവകാശ കമ്മീഷന്റെ ഉത്തരവ്. ഇതിനെതിരെ ഗുജറാത്ത് സര്‍വകലാശാല നല്കിയ അപ്പീല്‍ ജസ്റ്റിസ് ബിരേന്‍ വൈഷ്ണവിന്റെ ബെഞ്ച് അനുവദിച്ചു. അതോടൊപ്പം, ബിരുദരേഖ ആവശ്യപ്പെട്ട അരവിന്ദ് കേജരിവാളിന് 25,000 രൂപ പിഴയും ചുമത്തി.
കേന്ദ്ര വിവരാവകാശ കമീഷണറായിരുന്ന ഡോ. ശ്രീധര്‍ ആചാര്യലുവാണ് പ്രധാനമന്ത്രിയുടെ ബിരുദരേഖകള്‍ കൈമാറാന്‍ ഉത്തരവിട്ടത്. കേജരിവാളിന്റെ തിരിച്ചറിയല്‍ കാര്‍ഡുമായി ബന്ധപ്പെട്ട കേസ് വിവരാവകാശ കമ്മീഷന് മുന്നിലുണ്ടായിരുന്നു. ഈ സമയത്ത് വിവരാവകാശ കമ്മീഷന്റെ പ്രവര്‍ത്തനങ്ങള്‍ സുതാര്യമല്ലെന്ന് ചൂണ്ടിക്കാണിച്ച് അരവിന്ദ് കേജരിവാള്‍ കമ്മീഷന് കത്തയച്ചു. തന്റെ കേസുമായി ബന്ധപ്പെട്ട രേഖകള്‍ ഹാജരാക്കാന്‍ തയ്യാറാണ്. എന്നാല്‍, പ്രധാനമന്ത്രിയുടെ ബിരുദരേഖകള്‍ തനിക്ക് നല്കാന് നിര്‍ദേശം നല്കാന് ധൈര്യമുണ്ടോയെന്നും കേജരിവാള്‍ കത്തില്‍ ചോദിച്ചു. ഈ കത്ത് വിവരാവകാശനിയമപ്രകാരം നല്കിയ അപേക്ഷയായി പരിഗണിച്ചാണ് പ്രധാനമന്ത്രിയുടെ ബിരുദരേഖകള്‍ കൈമാറാന്‍ കേന്ദ്ര വിവരാവകാശകമ്മീഷണര്‍ നിര്‍ദേശം പുറപ്പെടുവിച്ചതെന്ന് സര്‍വകലാശാല വാദിച്ചു.
ബിരുദരേഖകള്‍ വിശ്വാസത്തിന്റെ അടിസ്ഥാനത്തില്‍ കൈവശം വച്ചിട്ടുള്ള സൂക്ഷിപ്പുകാരന്റെ റോള്‍ മാത്രമാണ് സര്‍വകലാശാലക്കുള്ളത്. ഈ സാഹചര്യത്തില്‍, വിവരാവകാശനിയമപ്രകാരമുള്ള അപേക്ഷയില്‍ വിവരങ്ങള്‍ കൈമാറാന്‍ പറ്റില്ലെന്ന വാദവും ഗുജറാത്ത് സര്‍വകലാശാല ഉന്നയിച്ചു. സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയാണ് സര്‍വകലാശാലക്ക് വേണ്ടി ഹാജരായത്.