ചെസ് ടൂര്‍ണമെന്റ് ചരിത്രത്തില്‍ അഭിമാന നേട്ടവുമായി ഇന്ത്യന്‍ താരം. ഫിഡെ കാന്‍ഡിഡേറ്റസ് ചെസ് ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ ഡി ഗുകേഷ് ചാമ്പ്യന്‍. 9 പോയിന്റുമായി മുന്നിലെത്തിയാണ് ഗുകേഷ് ടൂര്‍ണമെന്റിലും ചെസ് ചരിത്രത്തിലും നേട്ടം കൈവരിച്ചത്.
ടൊറന്റോയില്‍ നടന്ന അവസാന റൗണ്ട് മത്സരത്തില്‍ ലോക മൂന്നാം നമ്പര്‍ താരം അമേരിക്കയുടെ ഹിക്കാരു നക്കാമുറയെ സമനിലയില്‍ തളച്ചാണ് ഗുകേഷ് ഈ നേട്ടം സ്വന്തമാക്കിയത്. ടൂര്‍ണമെന്റ് ജയത്തോടെ ഡി ഗുകേഷ് ലോകചെസ്സ് ചാമ്പ്യന്‍ഷിപ്പില്‍ നിലവിലെ ചാമ്പ്യനെ നേരിടാനുള്ള യോഗ്യത നേടി. കാന്‍ഡിഡേറ്റ്സ് ടൂര്‍ണമെന്റ് ജയിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനാണ് ഇപ്പോള്‍ 17 കാരനായ ഗുകേഷ്.
അതേസമയം, 2014ല്‍ വിശ്വനാഥന് ആനന്ദിന് ശേഷം കാന്‍ഡിഡേറ്റസ് ടൂര്‍ണമെന്റ് ജയിക്കുന്ന ആദ്യ ഇന്ത്യന്‍ താരമാണ് ഗുകേഷ്. ചരിത്ര നേട്ടത്തില്‍ താരത്തെ അഭിനന്ദിച്ച് വിശ്വനാഥന് ആനന്ദ് രംഗത്തെത്തി. ഗുകേഷിന്റെ നേട്ടത്തില്‍ വ്യക്തിപരമായി ഏറെ സന്തോഷമെന്ന് ആനന്ദ് ‘എക്സില്‍’ പങ്കുവെച്ച പോസ്റ്റില്‍ കുറിച്ചു.