ജപ്പാനിൽ അപൂർവമായ വെടിവെപ്പിലും കത്തിക്കുത്തിലും നാല് പേർ കൊല്ലപ്പെട്ട സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. 31 കാരനായ മസനോരി അയോകിയെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. നാഗാനോ പ്രിഫെക്ചറിൽ നടന്ന ആക്രമണത്തിൽ പ്രതി ഒരു സ്ത്രീയെ കുത്തുകയും രണ്ടു പോലീസുകാർക്ക് നേരെ നിറയൊഴിക്കുകയും ആയിരുന്നു. തുടർന്ന് നടന്ന ആക്രമണത്തിലും ഒരാൾ കൊല്ലപ്പെട്ടു.
യൂണിഫോമും സൺഗ്ലാസും മാസ്കും ധരിച്ചെത്തിയ ആക്രമി സ്ത്രീയെ ബ്ലേഡ് ഉപയോഗിച്ച് കഴുത്തറത്തു കൊല്ലുകയായിരുന്നു എന്ന് ദൃക്സാക്ഷികൾ വെളിപ്പെടുത്തുന്നു. തുടർന്ന് സംഭവ സ്ഥലത്ത് എത്തിയ പോലീസുകാർക്ക് നേരെ വെടിവയ്ക്കുകയായിരുന്നു. ആക്രമണത്തിന്റെ പിന്നിലെ കാരണം എന്താണെന്നു വ്യക്തമല്ല. പ്രതിയുടെ പിതാവ് മസാമിച്ചി ഓക്കി നകാനോ നഗരത്തിലെ അസംബ്ലിയുടെ സ്പീക്കറാണ്. കൊലപാതകങ്ങൾക്ക് ശേഷം തന്റെ വീട്ടിൽ ഒളിച്ചിരുന്ന പ്രതിയെ പോലീസ് ദീർഘ നേരം നീണ്ടു നിന്ന ചെറുത്തുനിൽപ്പിനൊടുവിലാണ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ വർഷം ജൂലൈയിൽ മുൻ പ്രധാനമന്ത്രി ഷിൻസോ ആബെ തോക്ക് ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. ജപ്പാനിൽ ഏറ്റവും കൂടുതൽ കാലം പ്രധാനമന്ത്രിയായിരുന്ന ആബെ കൊല്ലപ്പെട്ടതിന് ശേഷം തോക്കുകളുടെ ഉപയോഗത്തിന് നിയന്ത്രണം വന്നിരുന്നു. ഈ സാഹചര്യത്തിലും നടന്ന സംഭവം രാജ്യത്തെ ഞെട്ടിച്ചിരിക്കുകയാണ്. 2014-ൽ ജപ്പാനിൽ ആറ് തോക്ക് മരണങ്ങൾ മാത്രമാണ് നടന്നത്. എന്നാലിത് യുഎസിൽ 33,599 ആയിരുന്നു.
ജപ്പാനിൽ ഒരു തോക്ക് വാങ്ങാൻ എത്തുന്ന ആളുകൾ കർശനമായ പരീക്ഷയും മാനസികാരോഗ്യ പരിശോധനയും നടത്തണം. ഇവയൊക്കെ പാസായാൽ പോലും വെടിയുണ്ടകളും എയർ റൈഫിളുകളും മാത്രമേ അനുവദിക്കൂ.